തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നിർമാണം തുടങ്ങി
1513287
Wednesday, February 12, 2025 5:31 AM IST
തിടനാട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനവും പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം ആരംഭിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു.
കെമിസ്ട്രി ലാബിന് അഞ്ചു ലക്ഷം രൂപയും പഴയ കെട്ടിടത്തിന് സീലിംഗ് നിര്‍മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 20 ലക്ഷം രൂപയ്ക്കു പുറമേയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് വലിയ രീതിയില്‍ തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്തംഗം ഔസേപ്പച്ചന് കല്ലങ്കാട്ട്, അംഗങ്ങളായ സന്ധ്യ ശിവകുമാര്‍, ജോയിച്ചന്‍ കാവുങ്കല്‍, കെ.വി. അലക്സാണ്ടര്‍, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിന്‍സിപ്പല്‍ ശാലിനി റാണി എന്നിവര്‍ പ്രസംഗിച്ചു.