കരിങ്കല്‍ കുരിശിന്‍ചുവട്ടിലെ പുറത്തുനമസ്കാരം ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി
1513341
Wednesday, February 12, 2025 5:49 AM IST
കടുത്തുരുത്തി: ചരിത്രാന്വേഷികള്‍ക്ക് കൗതുകവും ഭക്തസഹസ്രങ്ങള്‍ക്ക് വിശ്വാസ തീവ്രതയും സമ്മാനിച്ച് കരിങ്കല്‍ കുരിശിന്‍ചുവട്ടില്‍ നടന്ന പുറത്തുനമസ്കാരം ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ചു കടുത്തുരുത്തി വലിയപള്ളിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന സവിശേഷ ചടങ്ങായ പുറത്തുനമസ്കാരത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍.
പാരമ്പര്യവും ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്ചുവട്ടിലാണ് പുറത്ത്നമസ്കാരം നടന്നത്. മൂന്നുനോമ്പിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാത്രിയില്‍ കുരിശിന്‍ചുവട്ടില്‍ പരമ്പരാഗതമായി നടത്തിവരുന്ന സമൂഹപ്രാര്ഥനയാണ് പുറത്തുനമസ്കാരം.
സര്‍വാധിപനാം കര്‍ത്താവേ, ഞങ്ങളിതാ യാചിക്കുന്നു, നിന്നോടായ് നാഥാ കനിയണമെ.... എന്നു തുടങ്ങുന്ന പ്രാര്‍ഥനയോടെ നടന്ന പുറത്തനമസ്കാരത്തിന്റെ തിരുക്കര്‍മങ്ങളില്‍ പലവട്ടമാണ് വിശ്വാസികളുടെ യാചനകള്‍ തിരുസന്നിധിയിലേക്കുയര്ന്നത്.
പ്രദക്ഷിണമായെത്തി മുത്തിയമ്മയുടെ തിരുസ്വരൂപം കരിങ്കല്‍ കുരിശിന് ചുവട്ടില്‍ പ്രതിഷ്ഠിച്ചതോടെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്കി. വലിയപള്ളി തീര്‍ഥാടന കേന്ദ്രമെന്നതിലുപരി ക്രൈസ്തവ വിശ്വാസത്തിന്റെ പ്രകാശ ഗോപുരം കൂടിയാണെന്നും വലിയപള്ളിയുടെ ചരിത്രമെന്നാല്‍ അതു സഭാചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മാര്‍ താഴത്ത് സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് കരിങ്കല്‍ കുരിശിന്‍ചുവട്ടില്‍ പുറത്തുനമസ്കാരം ആരംഭിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ് ആനിമൂട്ടില്‍, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട് തുടങ്ങിയവർ പങ്കെടുത്തു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്കി. തുടര്‍ന്ന് കപ്ലോന്‍ വാഴ്ചയും നടന്നു.
ബിജു ഇത്തിത്തറ