തിരുനക്കര ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ്: ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച
1513401
Wednesday, February 12, 2025 6:33 AM IST
നിശ്ചിത കാലയളവു കഴിഞ്ഞാല്‍ കെട്ടിടം നഗരസഭയ്ക്ക്
കോട്ടയം: തിരുനക്കര പഴയ ബസ്സ്റ്റാന്‍ഡില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കം ബസ്ബേ നിര്‍മിക്കാന്‍ ഡിപിആര്‍ ക്ഷണിക്കുന്ന കാര്യം ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗം പരിഗണിക്കും. നാലാമത്തെ വിഷയമായാണ് അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിപിആര്‍ ക്ഷണിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
ഷോപ്പിംഗ് കോംപ്ലക്സ് ഡിബിഫൂട്ട് വ്യവസ്ഥയില്‍ നിര്‍മിക്കാന്‍ 2024-25 ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. രൂപരേഖ തയാറാക്കലും നിര്‍മാണവും ഫണ്ട് കണ്ടെത്തലും നിശ്ചിതകാലത്തേക്ക് നടത്തിപ്പും നിര്‍മാണ ഏജന്‍സിതന്നെ വഹിക്കുന്ന ഡിബി ഫ്യൂട്ട് രീതിയിലാണ് കരാര്‍. നിശ്ചിത കാലയളവു കഴിഞ്ഞാല്‍ കെട്ടിടം നഗരസഭയ്ക്ക് കൈമാറും. നഗരസഭാ ഫണ്ട് ചെലവഴിക്കാതെയും ബാധ്യതകളുണ്ടാകാതെയും കെട്ടിടം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നതാണ് ഡിബിഫൂട്ട് വ്യവസ്ഥയുടെ മെച്ചം.
പഴയ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 2022 നവംബര്‍ 10 നുചേര്‍ന്ന കൗണ്‍സിലില്‍ വ്യാപാരികള്‍ക്ക് പുനരധിവാസം നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് തീരുമാനമൊന്നുമായില്ല. ഇതിനെതിരേ വ്യാപാരികള്‍ പലതവണ പ്രതിഷേധിക്കുകയും അധികാരികള്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഇന്നലത്തെ യോഗം ബഹളത്തില്‍ കലാശിച്ചു
കോട്ടയം: ക്ഷേമപെന്ഷന് അടക്കം 50 അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം വിഷയമെടുക്കാതെ ബഹളത്തില്‍ കലാശിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ ചെയര്‍പേഴ്സനും വൈസ്ചെയര്‍മാനുമെതിരേ കൊണ്ടുവന്ന പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് എല്‍ഡിഎഫും അനുവദിക്കില്ലെന്ന് യുഡിഎഫും നിലപാടെടുത്തതോടെയാണ് ബഹളം തുടങ്ങിയത്. ഒടുവില്‍ ചെയര്പേഴ്സന് യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
അജണ്ട എടുക്കുന്നതിനുമുമ്പ്, പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനില്‍ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും വേണമെന്ന് ആവശ്യപ്പെട്ടു. അജണ്ടയിലില്ലാത്തതിനാല്‍ പ്രമേയത്തില്‍ ചര്‍ച്ച പറ്റില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍ എം.പി. സന്തോഷ്കുമാറും വാദിച്ചു. ഒരു കൗണ്‍സിലില്‍ തീരാത്ത വിഷയം തൊട്ടടുത്ത ദിവസംതന്നെ കൗണ്‍സില്‍ ചേര്‍ന്നു പരിഗണിക്കണം.
അല്ലെങ്കില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടാല്‍ അടുത്തദിവസം അജണ്ട വച്ച് ചര്‍ച്ച ചെയ്യാമെന്നും സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്സന്റെ കസേരയ്ക്കു മുന്നില്‍നിന്ന് പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളി ആരംഭിച്ചു. 4.10 ഓടെ കൗണ്‍സില്‍ പിരിച്ചുവിട്ടതായി ചെയര്പേഴ്സന് പ്രഖ്യാപിക്കുകയായിരുന്നു.
ബജറ്റിനു മുന്നോടിയായി അജണ്ടകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുതല്‍ മൂന്നുദിവസത്തെ കൗണ്‍സില്‍ യോഗങ്ങള്‍.