ചുട്ടുപൊള്ളുന്ന ചൂട്; വെന്തുരുകുന്നു നാട്
1513330
Wednesday, February 12, 2025 5:48 AM IST
എരുമേലി: സഹിക്കാനാകാത്ത ചൂടിൽ നാട്. പകൽ സമയത്ത് അത്യുഷ്ണമാണ്. അതേസമയം രാത്രിയിലും പുലർച്ചെയും തണുപ്പും. രണ്ടും രോഗങ്ങൾക്ക് കാരണമാവുകയാണ്. കടുത്ത ജലദോഷം, പനി, തുമ്മൽ എന്നിവയാണ് പലരിലും പ്രകടമാകുന്നത്.
നട്ടുച്ചയ്ക്ക് റോഡിൽ ഇറങ്ങാൻ കഴിയാത്ത വിധമാണ് ചൂട്. രാത്രിയിൽ തണുപ്പും തണുത്ത കാറ്റും പുലർച്ചെ മഞ്ഞുമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നിരവധി പേരാണ് എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിട്ടുമാറാത്ത പനിയാണ് മിക്കവർക്കും. പകൽ സമയത്ത് ചൂട് സഹിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
കൈത കൃഷി നടത്തുന്ന തോട്ടങ്ങളിൽ പലയിടത്തും തലയിൽ വലിയ തൊപ്പിയും നെടുനീളൻ കോട്ടും ധരിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
പകൽ യാത്രാ ബസുകളിൽ ചൂട് മൂലം യാത്രക്കാർ പ്രയാസപ്പെടുന്നു. പലരും പകൽ സമയത്തെ യാത്ര ഒഴിവാക്കുകയാണ്. പലയിടത്തും കുടിവെള്ള ക്ഷാമം തുടങ്ങിയിട്ടുണ്ട്. ശുദ്ധ ജലം കുറഞ്ഞു കൊണ്ടിരിക്കുന്നു. ശീതള പാനീയ വിൽപന വർധിക്കുന്നുണ്ട്. സോഡാ നാരങ്ങ വെള്ളം, കുലുക്കി സർബത്ത്, തണ്ണിമത്തൻ, നാരങ്ങ എന്നിവയുടെ വിൽപനയ്ക്ക് പ്രചാരം കൂടി.
റോഡുകളിൽ ഇത്തരം താത്കാലിക കടകൾ വർധിച്ചിട്ടുണ്ട്. നദികളിലും തോടുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. മിക്കയിടത്തും ജലം മലിനമാണ്. ഇനി മൂന്ന് മാസത്തോളം കടുത്ത ചൂടും അതി ശൈത്യവും കാലാവസ്ഥയിൽ നേരിടേണ്ടി വരും. ഇതിനിടെ മഴ പെയ്താലാണ് ആശ്വാസമാവുക. ഇത്തവണ വേനൽ മഴ കാര്യമായി ലഭിക്കില്ലെന്നാണ് സൂചന.