ഡയമണ്ട് ജൂബിലി മെമ്മോറിയൽ ബ്ലോക്കിന്റെ ആശീർവാദവും വാർഷികവും
1513326
Wednesday, February 12, 2025 5:48 AM IST
കാഞ്ഞിരപ്പള്ളി: എകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും ഡയമണ്ട് ജൂബിലി മെമ്മോറിയൽ ബ്ലോക്കിന്റെ ആശീർവാദവും 14ന് വൈകുന്നേരം നാലിന് നടക്കുമെന്ന് മാനേജർ ഫാ. സ്റ്റീഫൻ ചുണ്ടംതടം എസ്ജെ, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡയമണ്ട് ജൂബിലി മെമ്മോറിയൽ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ആശീർവാദം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യനും നിർവഹിക്കും. 65ാമത് സ്കൂൾ വാർഷികാഘോഷം ചീഫ് വിപ്പ് ഡോ. എൻ. ജയരാജും വിജയദിനാഘോഷം ആന്റോ ആന്റണി എംപിയും ഉദ്ഘാടനം ചെയ്യും.
ഈശോസഭ കേരള പ്രൊവിൻഷ്യാൾ ഫാ. ഇ.പി. മാത്യു എസ്ജെ അധ്യക്ഷത വഹിക്കും. സ്കൂൾ ജെം, ജൂവൽ പ്രഖ്യാപനം പൂർവ വിദ്യാർഥിയും ഫ്ലൈ ദുബായ് പൈലറ്റുമായ ക്യാപ്റ്റൻ ആൽബി തോമസ് നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, തിരുവനന്തപുരം ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, വാർഡ് മെംബർ മഞ്ജു മാത്യു, പിടിഎ പ്രസിഡന്റ് ജെയിംസ് ജോസഫ്, എംപിടിഎ പ്രസിഡന്റ് ആര്യ ഗോപിനാഥ്, എഫ്എസ്എ പ്രസിഡന്റ് ടോമി കരിപ്പാപ്പറമ്പിൽ, എഫ്എസ്എ സെക്രട്ടറി ബോണി ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ ജെയിംസ് പി. ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകരെ സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ ചുണ്ടംതടം എസ്ജെ ആദരിക്കും. തുടർന്ന് കൾച്ചറൽ പ്രോഗ്രാമുകൾ, പാട്ട്, ഡാൻസ്, ഡ്രാമ, ഓർക്കസ്ട്ര തുടങ്ങിയവ നടക്കും. പത്രസമ്മേളനത്തിൽ ജെയിംസ് പി. ജോൺ, ആന്റണി ജോസഫ്, എം.എൻ. സുരേഷ് ബാബു, ടി.കെ. ലതിക എന്നിവർ പങ്കെടുത്തു.