പോലീസ് മർദനത്തിൽ പരിക്കേറ്റവരെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു
1513293
Wednesday, February 12, 2025 5:31 AM IST
കണമല: പത്തനംതിട്ടയിൽ പോലീസിന്റെ മർദനമേറ്റ വിവാഹ സംഘത്തിൽപ്പെട്ടവരെ വീട്ടിലെത്തി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. എയ്ഞ്ചൽവാലി മൂലക്കയം ചെളിക്കുഴി മോഹനകുമാർ സുധാമണി ദമ്പതികളുടെ മകൾ സുജിതയുടെ വിവാഹത്തിനായി പോയ സംഘം പത്തനംതിട്ടയിൽ തിരികെ എത്തിയപ്പോഴാണ് പോലീസ് അതിക്രൂരമായി മർദിച്ചത്.
പരിക്കേറ്റ ശ്രീജിത്തിനെയും ഒപ്പം വാഹനത്തിൽ യാത്ര ചെയ്തവരെയുമാണ് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കന്റെ നേതൃത്വത്തിൽ വീടുകളിലെത്തി സന്ദർശിച്ചത്. വാർഡ് മെംബർ മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ, കോൺഗ്രസ് നേതാവായ സുനിൽ വെൺമാന്തറ, സനീഷ് സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റവരോട് വിശദമായി വിവരങ്ങൾ ചോദിച്ചറിയുകയും നിയമനടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെന്ന് പ്രകാശ് പുളിക്കൻ അറിയിച്ചു.
വിവാഹ സംഘത്തെ പോലീസ് മർദിച്ചത് നിന്ദ്യവും ക്രൂരവും ആയിപ്പോയെന്നും പോലീസിന്റെ ക്രിമിനൽ വൽക്കരണം തടയണമെന്നും സർവീസിൽ നിന്ന് ഇത്തരക്കാരെ പിരിച്ചുവിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.