കരൾ പിളരും വേദനയിലും വളർത്തുമൃഗങ്ങൾക്ക് കാരുണ്യസ്പർശമേകി ഷെയ്ക്ക് മുഹമ്മദ്
1513333
Wednesday, February 12, 2025 5:48 AM IST
മുണ്ടക്കയം ഈസ്റ്റ്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ചെന്നാപാറയിലേക്ക് കൊണ്ടുവരുന്നതും കാത്തുനിൽക്കുമ്പോഴും തന്റെ വളർത്തുമൃഗങ്ങൾക്കുനേരേ കരുണയുടെ കരം നീട്ടുകയാണ് മകൻ ഷെയ്ക്ക് മുഹമ്മദ്.
നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെയും ഭാര്യ സോഫിയയുടെയും പ്രധാന വരുമാനമാർഗമായിരുന്നു വളർത്തുമൃഗങ്ങൾ. ആട്, കോഴി, പോത്ത് തുടങ്ങിയ മൃഗങ്ങളെയെല്ലാം ഉപജീവനത്തിന്റെ ഭാഗമായി ഇവർ വളർത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തിൽ സോഫിയ കൊല്ലപ്പെടുന്നത്.
ഇതോടെ ഇസ്മായിലും മക്കളും കുപ്പക്കയത്തെ ബന്ധുവീട്ടിലേക്ക് താത്കാലികമായി മാറി. എന്നാൽ തന്റെ വളർത്തുമൃഗങ്ങൾക്ക് തീറ്റയും വെള്ളവും നൽകിയില്ലല്ലോ എന്ന വേദനയിൽ ചെന്നാപാറയിൽനിന്നു നടന്നു വീട്ടിലെത്തിയാണ് ഷെയ്ക്ക് മുഹമ്മദ് അവയ്ക്ക് കാരുണ്യ സ്പർശമേകിയത്. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെയ്ക്ക് മുഹമ്മദ്.