കടപ്പൂരിന് അഭിമാനനിമിഷങ്ങൾ; വെച്ചൂട്ടിലും ആയിരങ്ങൾ
1513288
Wednesday, February 12, 2025 5:31 AM IST
കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളിൽ കപ്പൽ സംവഹിക്കുന്ന കടപ്പൂരിനിത് ആനന്ദനിമിഷം. കത്തിയെരിഞ്ഞ മകരച്ചൂടിനെ ദൈവികസംരക്ഷണത്തിന്റെ കവചമായി കരുതി ഭക്തസഹസ്രങ്ങൾക്ക് ആത്മീയതയുടെയും ദൈവികസന്ദേശങ്ങളുടെയും നേരനുഭവം സമ്മാനിച്ചാണ് ആയിരക്കണക്കായ കടപ്പൂർ നിവാസികൾ മടങ്ങിയത്.
കടപ്പൂർ കരക്കാർ മുത്തിയമ്മയുടെ സവിധത്തിൽ നടത്തിയ വെച്ചൂട്ടിലും ആയിരങ്ങളാണ് ഇക്കുറി പങ്കെടുത്തത്. കപ്പൽ സംവഹിക്കുന്നതിന്റെ ഭാഗമായി കടപ്പൂർകരക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകിവരുന്നുണ്ട്. ഇതിനൊപ്പം നിശ്ചിതവിഭവങ്ങൾ ചേർത്തൊരുക്കുന്ന പാച്ചേർ വിളമ്പിയാണ് കടപ്പൂർ കരക്കാർ മടങ്ങുന്നത്. ഇതിനെയാണ് വെച്ചൂട്ട് എന്ന് പേരിട്ട് വിളിക്കുന്നത്.
കണിവേലിൽ കുടുംബത്തിനും ആവേശം
പ്രധാന തിരുനാൾ ദിനത്തിൽ മുത്തുക്കുടകൾ സംവഹിക്കുന്നതിനുള്ള അവകാശം മുട്ടുചിറ കണിവേലിൽ കുടുംബക്കാർക്കാണ്. 12 തിരുസ്വരൂപങ്ങൾക്കായി 48 മുത്തുക്കുടകളാണ് സംവഹിക്കുന്നത്. കണിവേലിൽ കുടുംബത്തിനും പ്രത്യേക അവകാശങ്ങൾ നൽകിവരുന്നു.