തെരുവീഥിയിൽ വെല്ലുവിളിച്ച് സഭാനവീകരണം സാധ്യമല്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
1513340
Wednesday, February 12, 2025 5:49 AM IST
കുറവിലങ്ങാട്: തെരുവീഥിയിൽ വെല്ലുവിളിച്ച് സഭാനവീകരണം സാധ്യമല്ലെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പരിത്യാഗവും എളിമയും വിനയവും നിസ്വാർഥസേവനവും വഴിയാണ് സഭാനവീകരണം നടത്തേണ്ടത്. ബലിപീഠം പ്രതിഷേധ വേദിയാക്കുമ്പോഴും ഏറ്റവും സംപൂജ്യമായ പരിശുദ്ധ കുർബാന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാക്കുമ്പോഴും പരിശുദ്ധ കുർബാനയിലെ കാർമികരെ ദേഹോപദ്രവമേൽപ്പിക്കുമ്പോഴും എന്താണ് ചെയ്യുന്നത്. പരിശുദ്ധ കുർബാനയെ സംരക്ഷിക്കാനും അതിലൂടെ നമ്മൾ സംരക്ഷിക്കപ്പെടാനും നമുക്ക് സാധിക്കാതെ വരുന്നത് അരാജകത്വമാണ്. അത് അവിവേകമാണ്. അവിവേകം ദീർഘനാൾ തുടരുന്നത് അത്ര നല്ലതല്ല.
തെറ്റുചെയ്യുന്നവരെ ചൂണ്ടിക്കാണിക്കാൻ സഭാ അധികാരികൾക്കും വിശ്വാസികൾക്കും കടമയുണ്ട്. സഭ അമ്മയും നമ്മൾ മക്കളുമാണ്. തെറ്റുതിരുത്താൻ സഭ സമയം നൽകുന്നത് അമ്മയുടെ ബലഹീനതയല്ല. അത് കുലീനതയാണ്. തെറ്റുതിരുത്തി മടങ്ങിവരുമെന്ന കാത്തിരിപ്പാണ് സഭയ്ക്കുള്ളത്. നമ്മൾ വ്യാജപ്രബോധകരാകരുതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മദ്യഷാപ്പുകളുടെ എണ്ണം കൂടുകയും നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സർക്കാർ ജനങ്ങളെ ബലഹീനരാക്കുന്നു. കുറ്റവാളികളെ വളർത്തുന്ന നിയമങ്ങളുണ്ടാകുന്നു. ട്രെൻഡുകൾ അനുകരിക്കുമ്പോൾ സ്വത്വബോധം നഷ്ടപ്പെടുന്നു. മദ്യനയത്തിനെതിരേ സംഘടിക്കണം.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, പാലാ രൂപതയിലെ നവവൈദികർ എന്നിവർ സഹകാർമികരായി.