"സക്ഷമ' മൂന്നാമത് വീടിന്റെ സമർപ്പണം നടത്തി
1513292
Wednesday, February 12, 2025 5:31 AM IST
പൊൻകുന്നം: ഭിന്നശേഷി ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ "സക്ഷമ' ജില്ലയിൽ നിർമിച്ച മൂന്നാമത് ഭവനം ചിറക്കടവിൽ സമർപ്പിച്ചു. തിരുവനന്തപുരം എക്സ്പീരിയൻസ് ടെക്നോളജീസിന്റെ സഹകരണത്തോടെയാണ് ഭവനനിർമാണം പൂർത്തിയാക്കിയത്. വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ നിലവിളക്ക് തെളിച്ചു.
എക്സ്പീരിയൻസ് ടെക്നോളജീസിലെ വി.പി. സുരേഷ്, ആർഎസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് ആർ. ശശിധരൻ, സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രൻ മന്നത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. സക്ഷമ നടപ്പാക്കിവരുന്ന വിവിധ പെൻഷൻ വിതരണവും ഉപകരണങ്ങളുടെ വിതരണവും നടത്തി. സക്ഷമയുടെ പ്രേരണയിൽ ജില്ലയിൽ 70 നേത്രദാനങ്ങൾ വഴി 140 പേർക്ക് കാഴ്ച ലഭിച്ചിരുന്നു. നേത്രദാനം നടത്തിയ കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു.