സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്: പബ്ലിക് ഹിയറിംഗിനോടു മുഖംതിരിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
1513404
Wednesday, February 12, 2025 6:33 AM IST
സർക്കാർ സ്കൂളുകളോട് കടുത്ത അവഗണന
ഏറ്റുമാനൂര്‍: സ്കൂളുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സോഷ്യല്‍ ഓഡിറ്റിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുഖംതിരിച്ചു. ഏറ്റുമാനൂർ നഗരസഭയിലെയും നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും എക്സൈസ്, പോലീസ്, ആരോഗ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ് സോഷ്യൽ ഓഡിറ്റിനോടനുബന്ധിച്ച് നടത്തിയ പബ്ലിക് ഹിയറിംഗിൽ പങ്കെടുക്കാതിരുന്നത്.
ഏറ്റുമാനൂര്‍ നഗരസഭ, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളില്‍ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി നടന്ന പബ്ലിക് ഹിയറിംഗില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്കൂള്‍ സഭകളിലേക്കും ഇവർ തിരിഞ്ഞു നോക്കിയില്ല. സര്‍ക്കാര്‍ സ്കൂളുകളിലെ വികസനങ്ങളുടെ ചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. എന്നിട്ടും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ നിലപാട് സ്വീകരിച്ചതിനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഏറ്റുമാനൂര്‍ നഗരസഭയിലെ ഗവൺമെന്റ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ എസ്കെവി ജിഎച്ച്എസ്എസ്, നീണ്ടൂര്‍ പഞ്ചായത്ത് ഗവൺമെന്റ് എല്‍പി സ്കൂള്‍, ഓണംതുരുത്ത് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലും അതിരമ്പുഴ പഞ്ചായത്തിലെ കാട്ടാത്തി ആര്‍എസ്ഡബ്ല്യു ജിഎല്‍പി സ്കൂളിലുമാണ് സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തിയത്.
ഈ വിദ്യാലയങ്ങളില്‍നിന്ന് കണ്ടെത്തിയ പ്രശ്നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ പരിഹാരം കാണുന്നതിനായാണ് ഏറ്റുമാനൂര്‍ ബിആര്‍സിയില്‍ പബ്ലിക് ഹിയറിംഗ് നടത്തിയത്. പക്ഷേ, ഈ തദ്ദേശസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ട യോഗത്തില്‍ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യവും ഉണ്ടായില്ല.
കിണർവെള്ളത്തിൽ കോളിഫോം ബാക്ടീരിയ
പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത് ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്കൂളിനെ സംബന്ധിച്ചായിരുന്നു. സ്കൂളിലെ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ അടങ്ങിയിരിക്കുന്നു, വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം ആവശ്യങ്ങൾക്കു തികയുന്നില്ല,
ക്ലാസുകൾ നടക്കുമ്പോൾതന്നെ സ്കൂള്‍ അധികൃതരുടെ അനുവാദമോ അറിവോ ഇല്ലാതെ അപകടകരമായ വിധത്തിൽ മേല്‍ക്കൂര പൊളിച്ചുപണിയുന്നു തുടങ്ങിയവയായിരുന്നു ഗൗരവതരമായ പരാതികൾ.
ഓഡിറ്റോറിയം അൺഫിറ്റ്
അണ്‍ഫിറ്റ് ആയി സര്‍ട്ടിഫൈ ചെയ്ത കെട്ടിടം സ്കൂള്‍ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു, ആവശ്യത്തിനുള്ള ക്ലാസ് മുറികളുടെ അഭാവം, പരിമിതമായ ലാബ്, ലൈബ്രറി സൗകര്യങ്ങള്‍, ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടിയിട്ടിരിക്കുന്ന മാലിന്യവും നിരോധിത പുകയില ഉല്പന്നങ്ങളുടെ കവറുകളും കുന്നുകൂടി കിടക്കുന്ന ശുചിമുറികൾ എന്നിങ്ങനെ ഈ സ്കൂളിനെ സംബന്ധിച്ച പരാതികൾ ഏറെയാണ്.
ഫസ്റ്റ് എയ്ഡ് ബോക്സിൽ കാലാവധി കഴിഞ്ഞ മരുന്ന്
ഫസ്റ്റ് എയ്ഡ് ബോക്സില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍, മതിയായ വാഹന സൗകര്യത്തിന്റെ അഭാവം, കൃത്യമായി പരിപാലിക്കാത്ത കളിസ്ഥലം, ശുചിത്വമില്ലായ്മ, പരാതിപ്പെട്ടികളുടെ അഭാവം, മാലിന്യ നിര്‍മാര്‍ജനത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത് എന്നിങ്ങനെ വിവിധ സ്കൂളുകളിലെ സോഷ്യൽ ഓഡിറ്റിലൂടെ കണ്ടെത്തിയ വിഷയങ്ങൾ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ ആരും എത്താതിരുന്നതിനാൽ ചർച്ചകൾ ഫലപ്രദമായില്ല.
സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേഷന്‍ ടീം അംഗങ്ങളായ ബി. സുനില്‍കുമാര്‍, ഇ.പി. മോഹനന് നായര്‍, കെ.എന്‍. രാജന്, ജിക്കു കെ. ശശീന്ദ്രന്, ഷാജി പി.ജെ. എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബിആര്‍സി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ബിജുമോന് അധ്യക്ഷത വഹിച്ചു. ബിആര്‍സി ട്രെയിനര്‍ ബിനീത് കെ.എസ്., കില ഫാക്കല്‍റ്റിയും സോഷ്യല്‍ ഓഡിറ്റര്മാരുമായ സുനു പി. മാത്യു, ശ്രീകുമാര്‍, ഏറ്റുമാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ എസ്. രാധിക, ബി. രാജീവ്, ജോമോന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.