പോലീസുകാരനെയും മക്കളെയും ആക്രമിച്ചതായി പരാതി
1513450
Wednesday, February 12, 2025 6:53 AM IST
വൈക്കം: മുൻ വൈരാഗ്യത്തെത്തുടർന്ന് ബൈക്കിൽ പോകുകയായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി.
തലയോലപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും വൈക്കം വെച്ചൂർ അംബികാമാർക്കറ്റ് സ്വദേശിയുമായ സുനിൽകുമാറാണ് വൈക്കം പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടികളുമൊത്ത് ബൈക്കിൽ വരുന്നതിനിടയിൽ മാമ്പ്ര ക്ഷേത്രത്തിനു സമീപം റോഡിൽ വാഹനം തടയുകയും അസഭ്യം വിളിക്കുകയും മർദിക്കുകയും മകളുടെ കൈയിൽ പിടിച്ച് വലിക്കുകയുമായിരുന്നു.
മദ്യലഹരിയിലായിരുന്നു ഇയാൾ അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനും ഒൻപതും ആറും വയസുള്ള കുട്ടികളും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ വെച്ചൂർ മഠത്തിച്ചിറയിൽ അഭിമന്യൂവിനെതിരെ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.