ചങ്ങനാശേരിക്കു വേണം, യാത്രക്കാരെ പരിഗണിക്കുന്ന ഗതാഗത പരിഷ്കാരങ്ങള്‍
1513446
Wednesday, February 12, 2025 6:53 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിക്കുന്ന ഗതാഗത പരിഷ്കാരങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തില്‍ ഗതാഗത ഉപദേശക സമിതികള്‍ ചേരാറുണ്ടെങ്കിലും തീരുമാനങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നില്ലെന്ന ആക്ഷേപമുണ്ട്. കാലം പുരോഗമിക്കുമ്പോള്‍ അതിനനുസരിച്ച പരിഷ്കാരങ്ങൾ ചര്‍ച്ചചെയ്ത് നടപ്പാക്കാന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
കുട്ടനാട്ടില്നിന്നുള്ള ഏതാനും ബസുകള്‍ സെന്‍ട്രല്‍ ജംഗ്ഷൻ വഴി റെയില്‍വേ സ്റ്റേഷനിലേക്കു നീട്ടണം
ആലപ്പുഴ സെക്ടറില്‍നിന്നു വന്ന് പെരുന്നയില്‍ ട്രിപ്പ് അവസാനിക്കുന്ന ഏതാനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ അനു-അഭിനയ തിയറ്റര്‍ ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ വാഴൂര്‍ റോഡില്‍ പ്രവേശിച്ച് ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു മുമ്പിലൂടെ റെയില്‍വേ ബൈപാസ് ജംഗ്ഷനിലെത്തി റെയില്‍വേ സ്റ്റേഷനുമുമ്പില്‍ അല്പനേരം പാര്‍ക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കുട്ടനാടിന്റെ വിവിധ മേഖലകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡ്, അരമനപ്പടി, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിൽ എളുപ്പത്തിലെത്താന്‍ കഴിയും.
റെയില്‍വേ സ്റ്റേഷനു സമീപം ഈ ബസുകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുകയും ഇവിടെനിന്നു കുട്ടനാടന്‍ റൂട്ടിലേക്കു സര്വീസുകളാരംഭിക്കുകയും ചെയ്താല്‍ ട്രെയിനിലെത്തുന്ന യാത്രക്കാര്‍ക്ക് കുട്ടനാടിന്റെ വിവിധ മേഖലകളിലേക്കു സഞ്ചരിക്കാനുമാകും.
എസ്ബി-അസംപ്ഷന്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു ഗുണകരം
കുട്ടനാട് മേഖലയില്‍നിന്നുള്ള ഏതാനും ഓര്‍ഡിനറി ബസുകള്‍ രാവിലെയും വൈകുന്നേരങ്ങളിലും മേല്‍പ്പറഞ്ഞ രീതിയില്‍ സര്‍വീസുകള്‍ നടത്തിയാല്‍ കുട്ടനാടന്‍ പ്രദേശങ്ങളില്നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നഗരത്തിലെ എസ്ബി- അസംപ്ഷന്‍ കോളജുകള്‍, സെന്റ് ജോസഫ്സ്, സെന്റ് ആന്‍സ്, എസ്ബി, വാഴപ്പള്ളി സെന്റ് തെരേസാസ്, കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍,
ക്രിസ്തുജ്യോതി ഗ്രൂപ്പ്, വടക്കേക്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍സെക്കന്‍ഡറി എന്നീ സ്ഥാപനങ്ങളിലെത്താന്‍ സഹായകമാകും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പോകുന്ന രോഗികള്‍ക്കും ഈ പരിഷ്കാരം ഏറെ ഉപകരിക്കും.
കവിയൂര്‍ റോഡില്‍നിന്നു വരുന്ന ഏതാനും ബസുകള്‍ റെയില്‍വേ സ്റ്റേഷൻ വഴിയാക്കാം
കവിയൂര്‍ റോഡില്‍നിന്നു വരുന്ന ഏതാനും സ്വകാര്യബസുകള്‍ എസ്എച്ച് ജംഗ്ഷനില്‍ തിരിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍വഴി റെയില്‍വേ ജംഗ്ഷനിലെത്തി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ പെരുന്ന സ്റ്റാന്‍ഡില്‍ എത്തുന്ന ഗതാഗത ക്രമീകരണവും ചര്‍ച്ചചെയ്യാവുന്നതാണ്. കുന്നന്താനം, മാന്താനം, പായിപ്പാട്, തൃക്കൊടിത്താനം പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും റെയില്‍വേസ്റ്റേഷനിലും നഗരത്തിലെ വിവിധ കലാലയങ്ങളിലും എത്താനും ഈ ക്രമീകരണം ഉപകരിക്കുമെന്ന ആശയമാണ് ഇതിനു പിന്നിൽ.
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചുള്ള വെയിറ്റിംഗ് ബസ് ടെര്‍മിനലിന്റെ വളര്‍ച്ചയ്ക്കും ഈ ഗതാഗത ക്രമീകരണം ഉപകരിക്കും.
അഞ്ചുവിളക്ക് ജംഗ്ഷന് മീറ്റിംഗ് സ്ക്വയറാക്കാം
ചങ്ങനാശേരി നഗരത്തിലെ മീറ്റിംഗുകള്‍ സംഘടിപ്പിക്കാന്‍ ബോട്ടുജെട്ടിക്കടുത്തുള്ള അഞ്ചുവിളക്ക് ജംഗ്ഷന് മീറ്റിംഗ് സ്ക്വയറാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അഞ്ചുവിളക്ക് മേഖലയുടെ വളര്‍ച്ചയ്ക്കും മാര്‍ക്കറ്റ് മേഖലയുടെ ഉണര്‍വിനും ഇത് കൂടുതല്‍ ഉപകരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബോട്ടുജെട്ടിയിലെ പോളയും മാലിന്യവും നീക്കംചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തി വേണ്ടത്ര വെളിച്ചത്തിനുള്ള ക്രമീകരണംകൂടി ഏര്‍പ്പെടുത്തിയാല്‍ ഈ മേഖല ഏറെ ആകര്‍ഷകവുമാകും. സമ്മേളനങ്ങളും പ്രകടനങ്ങളും നടക്കുമ്പോള്‍ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാതടസങ്ങള്‍ക്കും വലിയൊരളവില്‍ പരിഹാരവുമാകും.