സംസ്ഥാനപാതയിൽ നാറ്റ്പാക് ; കാമറയും ഡിജിറ്റൽ ബോർഡുമായി വേഗത പരിശോധിക്കും
1513331
Wednesday, February 12, 2025 5:48 AM IST
പൊൻകുന്നം: വാഹനമോടിക്കുന്നവർ വേഗതാനിയന്ത്രണം പാലിക്കുന്നുണ്ടോയെന്നു സർവേയുമായി നാറ്റ്പാക്. സ്പീഡ് നിയന്ത്രണ മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡിന് സമീപം തന്നെയാണ് കാമറയും ഡിജിറ്റൽ ബോർഡും സ്ഥാപിച്ച് ഓരോ വാഹനത്തിന്റെയും സ്പീഡ് രേഖപ്പെടുത്തുന്നത്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ - പൊൻകുന്നം റോഡിൽ ഓരോ ദിവസവും വെവ്വേറെ ഇടങ്ങളിൽ പരിശോധനയുണ്ട്. വേഗതാനിയന്ത്രണത്തിൽ ഡ്രൈവർമാരുടെ മനോഭാവം വിലയിരുത്തുന്നതിനുകൂടിയാണ് സർവേ. സംസ്ഥാനപാതയിൽ വേഗനിയന്ത്രണമേർപ്പെടുത്തി മുന്നറിയിപ്പ് നൽകിയ ഭാഗങ്ങളിൽ ഡ്രൈവർമാർ അതു പാലിക്കുന്നുണ്ടോയെന്നതാണ് പഠിക്കുന്നത്.
സ്പീഡ് ലിമിറ്റ് എഴുതിയ ബോർഡിനു സമീപം കാമറയും വേഗ അളവ് കാണിക്കുന്ന ഡിജിറ്റൽ ബോർഡും സ്ഥാപിച്ചാണ് വിവരശേഖരണം. ഡിജിറ്റൽ ബോർഡിൽ തങ്ങളുടെ സ്പീഡ് തെളിയുമ്പോൾ നിയമം പാലിക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാവുമിതെന്നാണ് നാറ്റ്പാക് വിദഗ്ധരുടെ വിലയിരുത്തൽ.
അമിതവേഗതമൂലം ഏറ്റവുമധികം അപകടങ്ങളുണ്ടാകാറുള്ളതാണ് പാലാ - പൊൻകുന്നം റോഡിൽ. ഹൈവേയുടെ ഭാഗമായി നവീകരിച്ചതോടെ അമിതവേഗത്തിലാണ് വാഹനങ്ങളോടുന്നത്. വളവുകളും ഇറക്കങ്ങളും ഏറെയുള്ള റോഡിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നാറ്റ്പാകിന്റെ പഠനം വേഗതാനിയന്ത്രണത്തിന് പ്രേരണയാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
പാലാ - പൊൻകുന്നം റോഡിൽ കൊപ്രാക്കളത്ത് നാറ്റ്പാക്കിന്റെ വേഗമളക്കൽ സംവിധാനം സ്ഥാപിച്ചപ്പോൾ