സ്കൂട്ടർ മോഷ്ടിച്ച് പോലീസ് സ്റ്റേഷന് മുന്നിലൂടെ കള്ളൻ രക്ഷപ്പെട്ടു
1496131
Friday, January 17, 2025 11:25 PM IST
എരുമേലി: എരുമേലി പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ മോഷ്ടിച്ച സ്കൂട്ടറുമായി കള്ളൻ പോകുന്ന ദൃശ്യം സിസി കാമറയിൽ. സംഭവത്തിൽ ഒരു ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ദിവസം എരുമേലി സർക്കാർ ആശുപത്രിയിൽനിന്നാണ് ജീവനക്കാരിയുടെ കെഎൽ 19 ജി 8307 എന്ന നമ്പറിലുള്ള യമഹാ റേയ്സ് നീല നിറമുള്ള സ്കൂട്ടർ മോഷ്ടിക്കപ്പെട്ടത്. ഹെൽമെറ്റ് ഇല്ലാതെ ഇയാൾ സ്കൂട്ടറുമായി ആശുപത്രിയിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള പോലീസ് ക്യാമ്പ്, പോലീസ് സ്റ്റേഷൻ എന്നിവ കടന്ന് പോകുകയായിരുന്നു.
ഇയാൾ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങുന്നതും സ്കൂട്ടറുമായി പോകുന്നതും ആശുപത്രിയിലെ സിസി കാമറയിൽ പതിഞ്ഞിരുന്നു. പോലീസ് സ്റ്റേഷൻ റോഡിലും ടൗണിലുടനീളവും പോലീസിന്റെ നിരീക്ഷണ കാമറകളുണ്ട്. എന്നാൽ, വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടും മോഷ്ടാവ് ആരാണെന്ന് കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ പിടികൂടുമെന്നും എരുമേലി പോലീസ് പറയുന്നു.
ശബരിമല തീര്‍ഥാടനകാലത്ത് ഉള്‍പ്പെടെ എരുമേലിയില്‍ നടന്ന മോഷണങ്ങളില്‍ ഇതുവരെയും പ്രതികളെ പോലീസ് കണ്ടെത്തിയിട്ടില്ല. സീസണ് മുന്‍പ് മുക്കൂട്ടുതറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സീസണ് കഴിഞ്ഞാല്‍ രാത്രിയില്‍ പോലീസിന്റെ നിരീക്ഷണം മുക്കൂട്ടുതറ മേഖലയില്‍ ഉള്‍പ്പെടെ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി.