തോമസ് വെട്ടുവേലിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്റ്
1496132
Friday, January 17, 2025 11:25 PM IST
വാഴൂർ: വാഴൂർ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ്-എമ്മിലെ തോമസ് വെട്ടുവേലിൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഎമ്മിലെ വി.പി. റെജി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് വെട്ടുവേലിക്ക് 11 വോട്ടും യുഡിഎഫിൽനിന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിലെ ഓമന അരവിന്ദാക്ഷന് അഞ്ചു വോട്ടുകളും ലഭിച്ചു. 16 അംഗ ഭരണസമിതിയിൽ എൽഡിഎഫിൽ സിപിഎം - ഏഴ്, സിപിഐ - രണ്ട്, കേരള കോൺഗ്രസ്-എം - രണ്ട് എന്നിങ്ങനെ 11 അംഗങ്ങളും യുഡിഎഫിൽ കോൺഗ്രസ്-മൂന്ന്, മുസ്ലിം ലീഗ്-ഒന്ന്, യുഡിഎഫ് സ്വതന്ത്ര - ഒന്ന് എന്നിങ്ങനെ അഞ്ച് അംഗങ്ങളുമാണുള്ളത്.
2005 മുതൽ തുടർച്ചയായി നാല് ഭരണസമിതിയിൽ അംഗം, വൈസ് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, 2013 മുതൽ രണ്ടരവർഷക്കാലം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് വാഴൂർ പഞ്ചായത്തിന്റെ പ്രസിഡന്റായി തോമസ് വെട്ടുവേലിൽ ചുമതല ഏൽക്കുന്നത്. നിലവിൽ കേരള കോൺഗ്രസ്-എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ട്രഷററാണ്.