ജൂബിലി വർഷം : ഇടവക-കുടുംബതല ഉദ്ഘാടനം നാളെ
1492490
Saturday, January 4, 2025 7:23 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളിലും സന്യാസഭവനങ്ങളിലും 80,000 കുടുംബങ്ങളിലും ജൂബിലി വർഷാചരണത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് അതിരൂപത ജൂബിലി വർഷ ജനറൽ കൺവീനർമാരായ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ അറിയിച്ചു.
ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും പ്രതിഷ്ഠിക്കാനായി ജൂബിലിയുടെ പ്രത്യേക ലോഗോയും തിരികളും പ്രാർഥനയും തയാറാക്കി നൽകിയിട്ടുണ്ട്.
പള്ളികളിൽ ആഘോഷമായ വിശുദ്ധ കുർബാനയെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ നൽകിയിരിക്കുന്ന ജൂബിലിവർഷ പ്രാർഥന വികാരിയച്ചന്മാർ ചൊല്ലിക്കൊടുക്കും. തുടർന്ന് ജൂബിലി പ്രതീകമായി പ്രതിഷ്ഠിക്കുന്ന മാർ സ്ലീവാ ധൂപിക്കും. വികാരിയച്ചന്റെ നേതൃത്വത്തിൽ ജൂബിലിസമിതിയംഗങ്ങൾ ഒന്നുചേർന്ന് ജൂബിലി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. ദീപം തെളിക്കുമ്പോൾ ദേവാലയ മണിമുഴക്കുകയും ജൂബിലിഗാനം ആലപിക്കുകയും ചെയ്യും.
വൈകുന്നേരം ഇടവകകളിൽ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ പിണ്ടികുത്തിത്തിരുനാൾ ആചരിക്കും.
അതിരൂപത തലത്തിലുള്ള പിണ്ടികുത്തിത്തിരുനാൾ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ തൃക്കൊടിത്താനം ഫൊറോന പള്ളിയിൽ നേതൃത്വം വഹിച്ചു സന്ദേശം നൽകും.