പോലീസ് കള്ളക്കേസ് എടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
1492638
Sunday, January 5, 2025 6:05 AM IST
എരുമേലി: ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരനെ മർദിച്ച് വയർലെസ് സെറ്റ് വലിച്ചെറിഞ്ഞെന്ന കേസ് കള്ളക്കേസാണെന്ന പ്രതിയായ യുവാവിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിൽ അറസ്റ്റിലായി റിമാൻഡ് തടവിൽ കഴിഞ്ഞ മുക്കൂട്ടുതറ വെൺകുറിഞ്ഞി നെല്ലോലപൊയ്ക ഷിജോ ജോസിന്റെ പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം ഷിജോ ജോസിന്റെ അഭിഭാഷകൻ ബിനോയ് മങ്കന്താനത്തിന്റെ അഭ്യർഥനപ്രകാരം കോടതി പരിശോധിച്ചാണ് ജാമ്യം അനുവദിച്ചത്. തുടർന്നാണ് കള്ളക്കേസാണെന്ന് ആരോപിച്ച് യുവാവ് അഡ്വ. ബിനോയ് മങ്കന്താനം മുഖേനെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്. ഇതേതുടർന്നാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുവാവിന്റെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു.
എരുമേലി ടൗണിൽ പെട്രോൾ പമ്പിന് സമീപം ശബരിമല തീർഥാടന ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ സി.കെ. അഭിലാഷിനെ ആക്രമിച്ചെന്ന കേസിലാണ് ഷിജോ ജോസ് അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടത്.
തൊടുപുഴയിൽ പ്രസിൽ ജോലിക്ക് പോകാൻ ബസ് കാത്തുനിന്ന ഷിജോ റോഡിൽ ഗതാഗതക്കുരുക്ക് നീളുന്നത് കാണുകയും ട്രാഫിക് ഡ്യൂട്ടി ചെയ്യാതെ പോലീസ് മൊബൈൽ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നതും ഒരു ഓട്ടോ ഡ്രൈവർ ഗതാഗതനിയന്ത്രണം ഏറ്റെടുത്തു നടത്തുന്നതും കണ്ട് തന്റെ ഫോണിൽ ഈ ദൃശ്യങ്ങൾ പകർത്തി. ഇതേത്തുടർന്നാണ് പോലീസുമായി സംഘർഷമായത്.
ബസ് കാത്തുനിന്ന മറ്റൊരു യുവാവിനെയും ഷിജോയെയും കസ്റ്റഡിയിൽ എടുത്തു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും ഷിജോയെ പ്രതിയാക്കി കേസെടുക്കുകയും മറ്റേ യുവാവിനെ വിട്ടയയ്ക്കുകയുമായിരുന്നു.
സംഭവം സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.