പാലാ കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ മലയുന്ത് ഇന്ന്
1492840
Sunday, January 5, 2025 10:39 PM IST
പാലാ: പാലാ കത്തീഡ്രലില്‍ ദനഹാ (രാക്കുളി) തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് ചരിത്ര പ്രസിദ്ധമായ മലയുന്ത് നടക്കും. വൈകുന്നേരം 5.15 നാണ് മലയുന്ത്. പൂജരാജാക്കന്മാരുടെ തിരുസ്വരൂപങ്ങള്‍ പുതിയ പള്ളിയില്‍ നിന്നു പഴയപളളിയിലെത്തി പുല്‍ക്കൂടിന്റെ പ്രതീകമായ മലയെ ആചാരം ചെയ്ത് ആരംഭിക്കുന്ന പ്രധാന പ്രദക്ഷിണം പുതിയ പള്ളി ചുറ്റി മുന്‍വശത്തുള്ള നടയിറങ്ങി പാരിഷ് ഹാളിന്റെ തെക്കുവശത്തുള്ള റോഡിലൂടെ കല്‍ക്കുരിശു ചുറ്റി വന്ദനം നടത്തി പഴയപള്ളിയിലെത്തുന്നു.
പഴയപള്ളിയില്‍ ലദീഞ്ഞിനു ശേഷം പൂജരാജാക്കന്മാരുടെ തിരുസ്വരൂപങ്ങള്‍ മലയില്‍ നിന്നു മാറ്റി പഴയപള്ളിയുടെ തെക്കുവശത്തുള്ള ചെറിയ കവാടത്തിലൂടെ പുറത്തിറങ്ങി മറ്റു പ്രദക്ഷിണങ്ങള്ക്കൊപ്പം ചേര്‍ന്നു പുതിയപള്ളിയില്‍ അവസാനിക്കുന്നു.
ഇന്നലെ വൈകുന്നേരം ടൗണ്‍ കുരിശുപള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പൂജരാജാക്കന്മാരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടു കത്തീഡ്രലിലേയ്ക്ക് പ്രദക്ഷിണം നടന്നു. പള്ളി മൈതാനത്തെ സ്റ്റേജില്‍ നാല് രംഗങ്ങളിലായി ശിശുവധ ആവിഷ്കാരവും തുടര്‍ന്ന് മാമ്മോദീസായെ അനുസ്മരിച്ച് രാക്കുളിയും നടന്നു.
പ്രധാന തിരുനാള്‍ ദിനമായ ഇന്ന് 9.25 ന് പ്രസുദേന്തി സംഗമം. പത്തിന് തിരുനാള്‍ കുര്‍ബാന, സന്ദേശം-മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന.