പോലീസിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം കിട്ടിയ യുവാവിനെതിരേ വീണ്ടും കേസ്
1492807
Sunday, January 5, 2025 9:44 PM IST
എരുമേലി: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ച് വയർലെസ് സെറ്റ് തകർത്തെന്ന കേസിൽ അറസ്റ്റിലായി റിമാൻഡ് തടവിലാവുകയും സംഭവത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച് കോടതി ജാമ്യം നൽകുകയും ചെയ്ത യുവാവിനെതിരെ സമാനമായ മറ്റൊരു കേസെടുത്തു എരുമേലി പോലീസ്. മുക്കൂട്ടുതറ വെൺകുറിഞ്ഞി നെല്ലോലപൊയ്ക ഷിജോ ജോസിനെതിരെ ആണ് വീണ്ടും കേസെടുത്തത്.
പോലീസുകാരനെ ആക്രമിച്ചെന്ന കേസിന്റെ സംഭവം ഉണ്ടായതിന്റെ തലേ ദിവസം ഇതേസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസുകാർ ഉൾപ്പടെ മൂന്ന് പോലീസുകാരോട് മോശമായി പെരുമാറുകയും ഇവരുടെ വീഡിയോ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ട്രാഫിക് ഡ്യൂട്ടി തടസപ്പെടുത്തിയെന്നും ആണ് കേസ്. സിവിൽ പോലീസ് ഓഫീസർ രാംകുമാർ നൽകിയ പരാതിയെ തുടർന്നാണ് കേസ്.
കഴിഞ്ഞയിടെ എരുമേലി ടൗണിൽ പെട്രോൾ പമ്പിന് സമീപത്ത് വച്ച് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ സി.കെ. അഭിലാഷിനെ ആക്രമിച്ചെന്ന കേസിലാണ് ഷിജോ അറസ്റ്റിലാവുകയും റിമാൻഡ് തടവിൽ ഒരു ദിവസം കഴിഞ്ഞ ശേഷം കോടതിയിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യം മുൻനിർത്തി ജാമ്യം നേടുകയും ചെയ്തത്.
പോലീസിനെ ആക്രമിച്ചെന്ന കേസ് തെറ്റാണെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ ആയിരുന്നു വീഡിയോയിൽ. ഈ കേസ് കള്ളക്കേസ് ആണെന്ന് ഷിജോ നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സമാനമായ മറ്റൊരു കേസ് കൂടി എടുത്തിരിക്കുന്നത്.