പാലാ സെന്റ് ജോസഫില്‍ ഇന്റര്‍നാഷണല്‍ സിമ്പോസിയം സമാപിച്ചു
1492633
Sunday, January 5, 2025 6:05 AM IST
പാലാ: പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളജ് ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിലീജിയനുമായി സഹകരിച്ച് കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്നിരുന്ന അന്താരാഷ്ട്ര സിമ്പോസിയം സമാപിച്ചു. "ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും' എന്ന വിഷയത്തിലായിരുന്നു സിന്‍പോ സിയം.
അത്യാധുനിക നിര്‍മിത ബുദ്ധി, ഹ്യൂമനോയിഡ് സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഉള്‍ക്കാഴ്ച പകരുവാന്‍ സിമ്പോസിയത്തിനു സാധിച്ചു.
സമാപനദിനമായ ഇന്നലെ "നിര്‍മിതബുദ്ധിയുടെ വൈകാരികത: അവയുടെ നൈതികപ്രശ്നങ്ങളും തത്ത്വശാസ്ത്രപരമായ പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ പൂനെ ജ്ഞാനദീപ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ഡോളിച്ചന്‍ കൊല്ലരേത്ത് എസ്ജെ പ്രബന്ധം അവതരിപ്പിച്ചു.
പാലാ സെന്റ് ജോസഫ് (ഓട്ടോണമസ്) കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് - സൈബര്‍ സെക്യൂരിറ്റി വിഭാഗം പ്രഫസര്‍ ശബരിനാഥ് ജി., "ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പരിണാമവും സാമൂഹിക നിര്‍മാണത്തില്‍ അവയുടെ സ്വാധീനവും' എന്ന വിഷയത്തിലും കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത ജോസ് "ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഒരു വിശകലനം' എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷത വഹിച്ചു. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. വി.വി ജോര്‍ജ്കുട്ടി മുഖ്യാതിഥിയായിരുന്നു.
സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു.
ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആൻഡ് റിലീജിയന്‍ ഡയറക്ടര്‍ ഡോ. ജോബ് കോഴാംതടം എസ്ജെ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പുരയിടത്തില്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ജോബി പി.പി. എന്നിവര്‍ പ്രസംഗിച്ചു.
ബര്‍സാര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.കെ. ജോസ് , ഐ ക്യു എസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജില്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.