കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡ് നവീകരണം: താക്കീതായി മനുഷ്യച്ചങ്ങല
1492682
Sunday, January 5, 2025 6:33 AM IST
കടുത്തുരുത്തി: തകര്‍ന്നു കിടക്കുന്ന കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങല അധികാരികള്‍ക്കുള്ള താക്കീതായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജനകീയവേദിയുടെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.
മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മനുഷ്യച്ചങ്ങലയിലെ കണ്ണികളായി. തകര്‍ന്ന റോഡിലുണ്ടായ അപകടങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.റോഡ് നന്നാക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചു സമരത്തിനിറങ്ങിയത്.
സമരത്തിന്റെ ഭാഗമായി കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. മാര്‍ക്കറ്റ് ജംഗ്ഷനില്നിന്നുമാരംഭിച്ച ചങ്ങലയില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ആദ്യകണ്ണിയായി.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, ടോമി പ്രാലടി, ജയ്സണ്‍ മണലേല്‍, നോബി മുണ്ടയ്ക്കന്, ടോമി നിരപ്പേല്‍, സ്റ്റീഫന്‍ പാറാവേലില്‍, മാഞ്ഞൂര്‍ മോഹന്‍കുമാര്‍,
സന്തോഷ് ജേക്കബ് ചെരിയംകുന്നേല്‍, ജോസ് മൂണ്ടകന്നേല്, സണ്ണിക്കുട്ടി തോമസ്, പി.പി. വര്‍ഗീസ്, ബെന്നി പുതുക്കുളം തുടങ്ങിയവർ പങ്കാളികളായി.
‘എംഎൽഎയുടെയും എൽഡിഎഫിന്റെയും ശ്രമം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’
കടുത്തുരുത്തി: അറുനൂറ്റി മംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ നടത്തിയ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ എംഎല്‍എ എത്തിയതും പ്രവര്‍ത്തകരോട് സമരത്തില്‍ പങ്കെടുക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍.
ഇവര്‍ ശ്രമിച്ചാല്‍ തകര്‍ന്ന റോഡുകളുടെ നവീകരണം നടക്കുമെന്നിരിക്കെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയും വികസനം അട്ടിമറിക്കുകയും ആണെന്നും ലിജിന്‍ ലാല്‍ ആരോപിച്ചു.