താത്കാലിക തടയണ നിർമാണം തുടങ്ങി
1492640
Sunday, January 5, 2025 6:05 AM IST
എരുമേലി: ശബരിമല തീർഥാടകർക്കായി കൊരട്ടിയിൽ മണിമലയാറിലെ ജലനിരപ്പ് ഉയർത്താൻ താത്കാലിക തടയണ നിർമാണം തുടങ്ങി. നദിയിൽ വെള്ളം കുറഞ്ഞതോടെ തീർഥാടകർ ഉൾപ്പെടെ നാട്ടുകാർ ബുദ്ധിമുട്ട് നേരിടുകയാണ്.
നിലവിലുള്ള പഴക്കംചെന്ന ചെക്ക് ഡാം പൊട്ടിപ്പൊളിഞ്ഞതിനാൽ വെള്ളം സംഭരിക്കാൻ കഴിയില്ല. പൊളിഞ്ഞ ഭാഗങ്ങളിൽ മണൽ നിറച്ച ചാക്കുകൾ അടുക്കി വെള്ളം സംഭരിക്കാനായാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിർമാണങ്ങൾ ആരംഭിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ തീർഥാടകത്തിരക്ക് വർധിക്കുമെന്നത് മുൻനിർത്തി ജലക്ഷാമം ബാധിക്കാതിരിക്കാൻ മണിമലയാറിലെ ഓരുങ്കൽ കടവിലും എരുമേലി വലിയതോടിന്റെ വിവിധ ഭാഗങ്ങളിലും താത്കാലിക തടയണകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വലിയതോടും കൊച്ചുതോടും രൂക്ഷമായ മലിനീകരണം നേരിടുകയാണ്.