റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് വീട്ടമ്മയ്ക്കും കുഞ്ഞിനും പരിക്ക്
1492686
Sunday, January 5, 2025 6:33 AM IST
തലയോലപ്പറമ്പ്: പൊതി കലയത്തുംകുന്ന് ജംഗ്ഷനിലെ കുഴികൾ അപകടക്കെണിയായി. ഇന്നലെ രാവിലെ 11 ഓടെ ബൈക്കിലെത്തിയ പൊതി സുധാ നിവാസിൽ തുളസിദാസും കുടുംബവും അപകടത്തിൽപ്പെട്ടു. കുഴിയിലകപ്പെട്ട് ബൈക്ക് മറിഞ്ഞതിനെത്തുടർന്ന് ചെളി നിറഞ്ഞ കുഴിയിലേക്ക് വീട്ടമ്മയും രണ്ടു വയസുള്ള കുഞ്ഞടക്കം വീണു പരിക്കേറ്റു.
ഭാരവണ്ടികളടക്കം നിരന്തരം ഓടുന്ന റോഡിൽ ബൈക്ക് മറിഞ്ഞ സമയം എതിർ ഭാഗത്തു നിന്ന് വാഹനങ്ങൾ വരാതിരുന്നത് കുടുംബത്തിന് രക്ഷയായി. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് ഒരു വർഷമായി.
കലയത്തുകുന്ന് ജംഗ്ഷനിൽ ഇതിനകം പല തവണ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് മറിഞ്ഞ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടം പതിവാകുന്ന റോഡ് പൊതുമരാത്ത് വകുപ്പിന്റെതായതിനാൽ അറ്റകുറ്റപ്പണി നടത്താൻ നിർവാഹമില്ലെന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതരും കൈയൊഴിയുന്നു.
പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതരും തിരിഞ്ഞു നോക്കുന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.