യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1492692
Sunday, January 5, 2025 6:37 AM IST
കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ ഒറ്റപ്ലാക്കൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് നടുവിലേടത്ത് എൻ. നൗഫൽ (27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബൈക്കിൽ പോയ കങ്ങഴ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവും കുടുംബവും വരുന്ന വഴിയിൽ ഇവർ പടക്കം പൊട്ടിക്കുന്നതു കണ്ട് യുവാവ് ബൈക്കു നിർത്തി. ഇതു കണ്ട ഇവർ യുവാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞു. ഇതു യുവാവ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇവർ സംഘം ചേർന്ന് അസഭ്യം പറഞ്ഞു യുവാവിനെ മർദിക്കുകയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണം കണ്ടു തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനെയും പ്രതികൾ ആക്രമിച്ചു. പരാതിയെത്തുടർന്ന് കേസെടുത്ത കറുകച്ചാൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു. രാഹുൽ പ്രസാദിന് മണിമല സ്റ്റേഷനിലും നൗഫലിന് കറുകച്ചാൽ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി.