കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാകുന്നു
1493048
Monday, January 6, 2025 7:06 AM IST
വൈക്കം: സേവനത്തിന്റെ 98 വർഷങ്ങൾ പൂർത്തിയാക്കിയ കൊതവറ സർവീസ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങൾക്ക് ചികിത്സാ ധനസഹായവും പെൻഷനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകാനായി ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നു.
നിർധനരായ കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്നതലയാഴം പഞ്ചായത്തിലെ 12 , 13 , 14 , 15 വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊതവറ സർവീസ് സഹകരണ ബാങ്ക് മാരക രോഗബാധിതർക്ക് 10,000 രൂപ ചികിത്സാ ധനസഹായം, കാൻസർ, കിഡ്നി രോഗബാധിതർക്ക് പ്രതിമാസം 1000 രൂപയും നൽകുന്നു. ഇതിനകം ബാങ്കിന്റെ സാന്ത്വനം ചികിത്സാപദ്ധതിയിൽനിന്ന് 256 അംഗങ്ങൾക്കായി 18,19,000 രൂപ ചികിത്സാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
കാൻസർ, കിഡ്നി രോഗബാധിതരായ 29 അംഗങ്ങൾക്ക് 2023 ജനുവരി മുതലുള്ള തുകയായി 5,57,000 രൂപ ഇന്ന് വിതരണം ചെയ്യും. ബാങ്കിൽ അംഗത്വമെടുത്ത് 20 വർഷം കഴിഞ്ഞ 75 വയസ് പിന്നിട്ട വയോധികർക്ക് കൈത്താങ്ങാകാനായി ബാങ്ക് ആവിഷ്കരിച്ച സായന്തനം സഹകരണം പെൻഷൻ പദ്ധതിയിൽ നിന്ന് 233 അംഗങ്ങൾക്കായി 23,20,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ പെൻഷൻ തുക 200ൽ നിന്ന് 300 രൂപയായി വർധിപ്പിച്ചു.
മരണാനന്തര സഹായ പദ്ധതിയിൽ ചേർന്നിരിക്കുന്ന അംഗങ്ങളുടെ മരണാനന്തര ആവശ്യങ്ങൾക്കായി അംഗത്തിന്റെ അവകാശികൾക്ക് 10,000 രൂപ സഹായധനം നൽകും. 191 അംഗങ്ങൾക്കായി ഇതിനകം 13,84,500 രൂപ വിതരണം ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പും നൽകുന്നുണ്ട്.
2017 ൽ അംഗങ്ങൾക്ക് 50 ശതമാനം പ്രത്യേക കിഴിവ് നൽകി ആംബുലൻസ് സർവീസ് നടത്തുന്ന ബാങ്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനായി നീതി സ്റ്റോറും നടത്തുന്നുണ്ട്.
1926ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് ക്ലാസ് വൺ സ്പെഷൽ ഗ്രേഡിലാണിപ്പോൾ. 81.14 കോടി നിക്ഷേപവും 61.11 കോടി വായ്പയും 85.39 കോടി പ്രവർത്തന മൂലധനവുമുള്ള ബാങ്ക് 2010-11 വർഷം മുതൽ തുടർച്ചയായി 25 ശതമാനം ലാഭം വിതരണം ചെയ്യുന്നു.
ജനങ്ങളുടെ നിർലോപമായ സഹകരണവും ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനവുംമൂലമാണ് നിർധന കുടുംബങ്ങളെ ചേർത്തുപിടിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടത്താൻ കഴിയുന്നതെന്ന് പ്രസിഡന്റ് പി.എം. സേവ്യർ, സെക്രട്ടറി വി.എസ്. അനിൽകുമാർ എന്നിവർ പറയുന്നു.