എഐടിയുസി, യുഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു : പണി പൂർത്തിയാകാതെ ബസ്സ്റ്റാൻഡ് വ്യാപാരസമുച്ചയം
1493047
Monday, January 6, 2025 7:06 AM IST
തലയോലപ്പറമ്പ്: സ്വകാര്യ കമ്പനിയുമായുള്ള കരാർ റദ്ദാക്കി തലയോലപ്പറമ്പ് ബസ്സ്റ്റാൻഡും വ്യാപാരസമുച്ചയവുമടക്കമുള്ള സ്ഥലവും പഞ്ചായത്ത് വീണ്ടെടുക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എഐടിയുസി തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി. 2005-2010 കാലയളവിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് തലയോലപ്പറമ്പ് ബസ്സ്റ്റാൻഡും വ്യാപാരസമുച്ചയവും നിർമിക്കാൻ ബിഒടി വ്യവസ്ഥയിൽ സുഡാഡ് എന്ന കമ്പനിയുമായി കരാറിലേർപ്പെട്ടത്. ബസ്സ്റ്റാൻഡിൽ നിന്ന് പഞ്ചായത്തിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല.
ദിനംപ്രതി 98 സ്വകാര്യ ബസുകളാണ് സ്റ്റാൻഡിലെത്തി സർവീസ് നടത്തുന്നത്. കമ്പനിയുമായി ബന്ധപ്പെട്ടവർ ബസ് ഒന്നിന് 20 രൂപ നിരക്കിൽ ദിനംപ്രതി ഈടാക്കുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് കൈമാറും മുമ്പ് വർഷം 10 ലക്ഷത്തിലധികം രൂപ ബസ്സ്റ്റാൻഡ്, ഇവിടെ പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ തുടങ്ങിയവയിൽനിന്ന് പഞ്ചായത്തിന് ലഭിച്ചിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോൾ വ്യാപാരസമുച്ചയത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്നു പറഞ്ഞ് കമ്പനി നിർമാണം പൂർത്തിയാക്കാതെ മനഃപൂർവം നീട്ടിക്കൊണ്ടു പോകുകയാണെന്ന് എഐടിയുസി നേതൃത്വം ആരോപിക്കുന്നു.
എഐടിയുസി തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എൻ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറി കെ.ഡി. വിശ്വനാഥൻ, കെ.ആർ. പ്രവീൺ, ജയ്മോൻ തോമസ്, പി.എം. ബേബി, ബേബി പഴമ്പെട്ടി, എം.പി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാപാരസമുച്ചയത്തിലെ ഭൂരിഭാഗം മുറികളും അടഞ്ഞുതന്നെ
തലയോലപ്പറമ്പ്: വ്യാപാരസമുച്ചയത്തിലെ മുറികളിൽ നല്ലൊരു പങ്ക് ആരും ഏറ്റെടുക്കാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്. ആരംഭിച്ച സ്ഥാപനങ്ങളെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. വൻതുക മുൻകൂറും വലിയ തുക വാടകയും നൽകേണ്ടിവരുന്നതിനാലാണ് ഇടത്തരക്കാരായവർക്ക് മുറിയെടുത്ത് വ്യാപാരം ആരംഭിക്കാൻ കഴിയാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുൻഭരണ സമിതിയിൽ പങ്കാളിയാരുന്ന സിപിഐയുടെ തൊഴിലാളി സംഘടനതന്നെ സ്വകാര്യ ബസ്സ്റ്റാൻഡ് വ്യാപാരസമുച്ചയ കരാർ അട്ടിമറിച്ച കമ്പനിക്കെതിരേ രംഗത്തുവന്നതോടെ എൽഡിഎഫിലും ചർച്ചയാവുകയാണ്.
നിർമാണം തുടങ്ങി രണ്ടു പതിറ്റാണ്ടിനോടടുത്തിട്ടും കരാർ കമ്പനി പാലിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിനും ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടിവരും.
തദ്ദേശ തെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കുമെന്നിരിക്കെ പഞ്ചായത്തിലെ പ്രതിപക്ഷനേതാവ് ജോസ് വേലിക്കകമാണ് ഈ പ്രശ്നം ചൂടുപിടിപ്പിച്ചത്. പിന്നാലെ എഐടിയുസിയുമെത്തി. കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് ഒരുക്കം കൂട്ടുന്നുണ്ട്.