ശബരിമല വിമാനത്താവളം: പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് സിപിഎം
1492646
Sunday, January 5, 2025 6:05 AM IST
പാമ്പാടി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രമേയം.
ശബരിമല എയർപോർട്ട് യാഥാർഥ്യമായാൽ വളരെ വേഗം തീർഥാടകർക്ക് എരുമേലിയിൽ എത്തിച്ചേരാൻ സാധിക്കും. ധാരാളം ആളുകൾക്ക് ഇതുവഴി തൊഴിൽ ലഭ്യമാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോരപ്രദേശങ്ങളുടെയും അതിന്റെ ചുറ്റുവട്ടമുള്ള അതിർത്തി പ്രദേശങ്ങളുടെയും വികസനത്തിന് ഈ എയർപോർട്ട് ഗണ്യമായ സംഭാവനകൾ നൽകുമെന്നും പ്രമേയത്തിൽ പറയുന്നു.
‘റബർ: അടിയന്തര കേന്ദ്ര ഇടപെടൽ വേണം
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും വില ഇടിവുമൂലം റബർ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാനും കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സിപിഎം ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
20 ലക്ഷം കർഷക കുടംബങ്ങളെയാണ് വിലയിടിവ് നേരിട്ട് ബാധിക്കുന്നതെന്നും വൻകിട ടയർ മുതലാളിമാരുടെ താത്പര്യങ്ങളാണ് കേന്ദ്രം സംരക്ഷിക്കുന്നതെന്നും മേഖലയുടെ 80 ശതമാനവും കൈയടക്കിയിരിക്കുന്ന ഈ ലോബി റബർ വില ഇടിക്കുന്നെന്നും ചില തെറ്റായ നയങ്ങൾഇതിനു വഴിയൊരുക്കിയെന്നും പ്രമേയത്തിൽ പറയുന്നു. പ്രതിസന്ധിക്കു കാരണമായ നയങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയിട്ടില്ല.
കർഷകരോഷത്തെ ഹിന്ദുത്വ അജണ്ടകൊണ്ടും മതവിദ്വേഷം പ്രചരിപ്പിച്ചും തകർക്കാനാണ് മോദിയും സംഘപരിവാർ ശക്തികളും പരിശ്രമിക്കുന്നതെന്നും വിമർശനം ഉയർന്നു.
പാന്പാടിയിൽ ഗതാഗത ക്രമീകരണങ്ങൾ
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തികോട്ടയത്തുനിന്നു പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആർഐടി എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽനിന്നു തിരിഞ്ഞ് പങ്ങട ജംഗ്ഷൻ, ആനിവേലി ജംഗ്ഷൻ, റബർ ഫാക്ടറി ജംഗ്ഷൻ, എസ്എച്ച് കുരിശുപള്ളി ജംഗ്ഷൻ, ഓലിക്കപ്പടി, ചെന്നാമറ്റം, പാനാപ്പള്ളി, വട്ടുകളം കൂടി 12-ാം മൈൽ ഭാഗത്തെത്തിയും പൊൻകുന്നം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചേന്നംപള്ളിയിൽനിന്ന് തിരിഞ്ഞ് ഓർവയൽ, മുളേക്കുന്ന്, കുറ്റിക്കൽ ബാങ്ക് പടി, ഇലക്കൊടിഞ്ഞി, മാത്തൂർപ്പടി, വട്ടക്കുന്ന് അമ്പലം, മഞ്ഞാടി, പറുതലമറ്റം കൂടി എട്ടാം മൈലിൽ എത്തിയും പോകേണ്ടതാണ്.