പൊള്ളുന്ന ചൂട് അവഗണിച്ച് അമ്മമാര്‍; ആവേശംകൊണ്ട് എസ്ബി മൈതാനം
1492655
Sunday, January 5, 2025 6:22 AM IST
ചങ്ങനാശേരി: ജനുവരിയിലെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ അമ്മമാര്‍ നിരന്നു. ആവേശം കൊണ്ട് എസ്ബിയുടെ മൈതാനം.
അയര്‍ക്കുന്നം മുതല്‍ അമ്പൂരി വരെ നീളുന്ന 18 ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള അമ്മമാര്‍ ഉച്ചയോടെതന്നെ എസ്ബി കോളജ് കാമ്പസില്‍ എത്തിത്തുടങ്ങിയിരുന്നു. ചട്ടയും മുണ്ടും കവണിയും കാശുമാലയും കുണുക്കും അണിഞ്ഞ് രണ്ടായിരത്തിലേറെ വരുന്ന അമ്മമാര്‍ മൈതാനത്ത് നിറഞ്ഞ കാഴ്ച നസ്രാണി പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു.
4.30നാണ് മാര്‍ഗംകളിക്ക് തുടക്കമായത്. 1840 പേരില്‍ അഞ്ഞൂറുപേരാണ് പാട്ടുകാരായത്. 10 മിനിട്ടും 45സെക്കന്‍ഡുമെടുത്താണ് അമ്മമാരുടെ മാര്‍ഗംകളി പുത്തന്‍ റിക്കാർഡിലേക്കു പ്രവേശിച്ചത്.
മാര്‍ഗംകളിയെന്ന കല മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളവും പ്രകടനവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം മാതൃപിതൃവേദി അതിരൂപത കലോത്സവത്തില്‍ ഒന്നാംസ്ഥാനത്തെത്തിയ ആലപ്പുഴ ഫൊറോനയിലെ പൂന്തോപ്പ് ഇടവകയാണ് ആദ്യം മൈതാനത്ത് അണിനിരന്നത്. തൊട്ടുപിന്നാലെ മറ്റു ഫൊറോനകള്‍ മൈതാനത്തെത്തി. വന്ദനഗാനം ഉള്‍പ്പെടെ ആറുപാദങ്ങളിലാണ് മെഗാമാര്ഗംകളി അരങ്ങേറിയത്.