ജില്ലാ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം നാളെ
1492662
Sunday, January 5, 2025 6:22 AM IST
കോട്ടയം: ജനറൽ ആശുപത്രിയിൽ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാവും. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർഎംഒ ഡോ. ആശാ പി. നായർ എന്നിവർ പ്രസംഗിക്കും.
ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ഉൾപ്പെടുത്തി ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പ്രോജക്ടിന്റെ ഭാഗമായാണ് അഞ്ചാംവാർഡ് നവീകരിച്ചത്.