അതിരമ്പുഴ തിരുനാൾ: നവദിന തിരുനാളൊരുക്കം 10 മുതൽ
1492660
Sunday, January 5, 2025 6:22 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 19 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. തിരുനാളിനു മുന്നോടിയായുള്ള ഒമ്പതു ദിവസത്തെ ഒരുക്ക ശുശ്രൂഷകൾ 10നാരംഭിച്ച് 18ന് സമാപിക്കും.
10,11നും 13 മുതൽ 18 വരെയും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും 12ന് വൈകുന്നേരം 4.15നും 6.15നും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. ഫാ. ആന്റണി കായലിൽപറമ്പിൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. ജോസഫ് പള്ളിക്കൽ, ഫാ. സിറിയക് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ. ജേക്കബ് കളരിക്കൽ,
ഫാ. ജോസഫ് പാലയ്ക്കൽ, ഫാ. വർക്കി മണക്കളം, ഫാ. വർഗീസ് ഇളമ്പളശേരി, ഫാ. ആന്റണി മണക്കുന്നേൽ, ഫാ. വർഗീസ് ചിറയിൽ എന്നിവർ ഈ ദിവസങ്ങളിൽ വൈകുന്നേരത്തെ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
19ന് രാവിലെ 7.15ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റുന്നതോടെ 14 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമാകും. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും.
20 മുതൽ 23 വരെ ദേശക്കഴുന്നുകൾ നടക്കും. മുമ്പ് ദേശക്കഴുന്നുകൾക്കുശേഷം നടന്നിരുന്ന കലാപരിപാടികൾ ഇത്തവണ 28 മുതൽ 31 വരെ നടക്കും. ഈ വർഷം നാലു ദിവസവും ഗാനമേളകളാണ്.
24, 25 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. 24ന് വൈകുന്നേരം നഗര പ്രദക്ഷിണവും 25നു രാവിലെ റാസയും വൈകുന്നേരം തിരുനാൾ പ്രദക്ഷിണവും തുടർന്ന് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ടും നടക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാളിനു കൊടിയിറങ്ങും. അന്ന് രാത്രിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും.