"തെരുവുനായശല്യം' താലൂക്ക് വികസനസമിതി യോഗത്തില്‍
1492691
Sunday, January 5, 2025 6:33 AM IST
ചങ്ങനാശേരി: തെരുവുനായ ശല്യം താലൂക്ക് വികസനസമിതി യോഗത്തില്‍ മുഖ്യചര്‍ച്ചയായി. നാടും നഗരവും തെരുവുനായ്ക്കള്‍ കൈയടക്കുകയും ആളുകള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമ്പോള്‍ ഭരണാധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണുയര്‍ന്നത്.
തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രിക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം (എബിസി) പദ്ധതി നഗരസഭ നടപ്പാക്കണമെന്ന് താലൂക്ക് വികസനസമിതിയംഗം ലിനു ജോബ് ആവശ്യപ്പെട്ടു. എബിസി പദ്ധതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ പ്രതിനിധി മറുപടി പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കു ചെയ്തിരുന്ന ആംബുലന്‍സിന്റെ ഹോസ് നായ്ക്കള്‍ കടിച്ച് നശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ റോഡ് ഓട്ടോകള്‍ കൈയേറി പാര്‍ക്ക് ചെയ്യുന്നത് പലവട്ടം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് എം.ആര്. രഘുദാസ് ചൂണ്ടിക്കാട്ടി. കച്ചവട സ്ഥാപനങ്ങളിലെ സാധനസാമഗ്രികള്‍ റോഡിലേക്കിറക്കിവച്ച് കച്ചവടം നടത്തുന്നത് തടയണമെന്ന് തോമസ് അക്കര ആവശ്യപ്പെട്ടു.
കെഎസ്ടിപി അധികൃതര്‍ക്കെതിരേ യോഗത്തില്‍ വിമര്‍ശനം
കെഎസ്ടിപിയുടെ ഭാഗത്തുനിന്നും പ്രതിനിധികള്‍ തുടര്‍ച്ചയായി താലൂക്ക് വികസനസമിതി യോഗത്തില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായി. തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ റീ ടാറിംഗിലുണ്ടായ അപാകതകള്‍ക്ക് മറുപടി നല്കാന് കഴിയാത്തതുകൊണ്ടാണ് പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ആക്ഷേപം.
സെന്‍ട്രല്‍ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡ് മൂലമുള്ള അപകടഭീഷണി ഒഴിവാക്കുന്നതിന് ഐലന്‍ഡിന്റെ നീളം കുറയ്ക്കാനുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോണ്‍ മാത്യു മൂലയില്‍, എ. മന്‍സൂര്‍, സുധീര്‍ ശങ്കരമംഗലം, ഗോപാലകൃഷ്ണ പിള്ള, തഹസില്‍ദാര്‍ നിജു കുര്യന് എന്നിവര്‍ പ്രസംഗിച്ചു.