മണിമലയിൽ ചരിത്ര പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം ഇന്ന്
1492642
Sunday, January 5, 2025 6:05 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്ര പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം ഇന്നു നടക്കും. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മണിമല ടൗണ്‍ ചുറ്റി പള്ളിയിലെത്തിച്ചേരും.
പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണി ഈശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ടു സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പും നടത്തും.
മുത്തുക്കുടകളേന്തി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെതന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് മേളവും വര്‍ണാഭമാക്കും. മണിമലക്കാരുടെ ഒത്തുചേരലിന്റെ ദിനംകൂടിയാണ് ഇന്ന്.
ജോലി സംബന്ധമായി വിദേശങ്ങളിലും കേരളത്തിനുപുറത്തും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ളവരും കേരളത്തിനകത്തുതന്നെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയവരും മണിമലയില്‍ ഇന്ന് ഒരുമിച്ച് കൂടും.