മുണ്ടക്കയത്തിനും 31-ാം മൈലിനുമിടയിൽ അപകടങ്ങൾ വർധിക്കുന്നു
1492644
Sunday, January 5, 2025 6:05 AM IST
മുണ്ടക്കയം: കൊട്ടാരക്കര - ദിണ്ഡികൽ ദേശീയപാതയിൽ മുണ്ടക്കയത്തിനും 31ാം മൈലിനുമിടയിൽ അപകടങ്ങൾ വർധിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ാടെ 31ാം മൈലിനു സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടമുണ്ടായി.
തേക്കടിയിൽനിന്നു വിനോദസഞ്ചാരികളുമായി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് റോഡിന്റെ ഈ ഭാഗത്തുതന്നെ ബൈക്കും കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.