അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈല്‍ ഫോൺ മോഷണം: പ്രതി പിടിയിൽ
1493045
Monday, January 6, 2025 7:06 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈല്‍ മോഷ്ടിച്ച ത്രിപുര സ്വദേശി അറസ്റ്റില്‍. രവീന്ദ്ര നഗര്‍ സ്വദേശിയായ രഞ്ജിത്ത് നാഥ് (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനില്‍ വിശ്രമിച്ചിരുന്ന ആന്ധ്രാ സ്വദേശിയായ തീര്‍ഥാടകന്റെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ സിസിടിവി പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പ്രതിയ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.