അതിരമ്പുഴയിലെ പൈതൃക സ്മാരകം ചുമടുതാങ്ങി സംരക്ഷിക്കണമെന്ന്
1492661
Sunday, January 5, 2025 6:22 AM IST
അതിരമ്പുഴ: പുരാതന വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴയുടെ പൈതൃക സ്മാരകമായി അതിരമ്പുഴ മറ്റം കവലയ്ക്കു സമീപം നിലകൊള്ളുന്ന ചുമടുതാങ്ങി സംരക്ഷിക്കാൻ അതിരമ്പുഴ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം അതിരമ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കിഴക്കൻ മേഖലകളിൽനിന്ന് അതിരമ്പുഴ ചന്തയിലേക്ക് തലച്ചുമടായി പച്ചക്കറികളും മലഞ്ചരക്കുകളും കൊണ്ടുവന്നിരുന്നവർക്ക് ഭാരമിറക്കിവച്ച് വിശ്രമിക്കുന്നതിനുവേണ്ടി രാജഭരണ കാലത്ത് വഴിയരികുകളിൽ സ്ഥാപിച്ചതാണ് ചുമടുതാങ്ങികൾ. പഴയ അതിരമ്പുഴ-പാലാ റോഡിൽ (ഇപ്പോൾ അതിരമ്പുഴ-ഏറ്റുമാനൂർ റോഡ്) സ്ഥാപിച്ചിരിക്കുന്ന ചുമടുതാങ്ങി അതിമ്പുഴ മാർക്കറ്റിന്റെ പ്രതാപകാലത്തിന്റെ പ്രതീകം കൂടിയാണ്.
റോഡ് ഉയർത്തി വികസിപ്പിച്ചപ്പോൾ ചുമടുതാങ്ങിയുടെ നല്ലൊരു ഭാഗം മണ്ണിനടിയിലായി ഉയരം കുറഞ്ഞ നിലയിലാണ്. ഉടനെതന്നെ റോഡ് നവീകരണം നടക്കുന്ന സാഹചര്യത്തിൽ ചുമടുതാങ്ങി ഉയർത്തി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു. എൻ.എ. മാത്യു, ബൈജു മാതിരമ്പുഴ, പഞ്ചായത്ത് മെംബർമാരായ ജോസ് അഞ്ജലി, സിനി ജോർജ്, ജോയി തോട്ടനാനി, ഭാരവാഹികളായ ജിമ്മി മാണിക്കത്ത്, മണി അമ്മഞ്ചേരി, ജോസ് ഓലപ്പുരയ്ക്കൽ, ജോർജ് മണ്ണഞ്ചേരി,ജിൻസ് കുര്യൻ, ഷിജോ ഗോപാലൻ, ജോഷി കരിമ്പുകാല, ജിക്കു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.