ഇളങ്ങുളത്ത് തീർഥാടകർക്ക് അന്നദാനമൊരുക്കി കൊങ്കൺ പ്രാന്ത് അയ്യപ്പസേവാസമാജം
1492834
Sunday, January 5, 2025 10:39 PM IST
ഇളങ്ങുളം: ദിവസവും 1500ലേറെ ശബരിമല തീർഥാടകർക്ക് അന്നദാനം നൽകി ശബരിമല അയ്യപ്പസേവാസമാജം കൊങ്കൺ പ്രാന്ത് പ്രവർത്തകർ. ഇളങ്ങുളം ശ്രീധർമശാസ്താക്ഷേത്ര ദേവസ്വത്തിന്റെ വിരിപ്പന്തലിലാണ് മണ്ഡലകാലത്തിന്റെ തുടക്കം മുതൽ അന്നദാനവുമായി സാസ് സന്നദ്ധപ്രവർത്തകർ. സ്ത്രീകളടക്കമുളള അയ്യപ്പ സേവകർ മുംബൈയിൽ നിന്നുമാണ് എത്തിയിട്ടുള്ളത്. മകരവിളക്കുത്സവം കഴിയുന്നതുവരെ അയ്യപ്പഭക്തർക്ക് അന്നദാനവുമായി കേന്ദ്രം പ്രവർത്തിക്കുമെന്ന് സാസ് കൊങ്കൺ പ്രാന്ത് സെക്രട്ടറിയും അന്നദാനകമ്മിറ്റി ചെയർമാനുമായ എം.എസ്. മോഹനൻ നായർ, ട്രഷറർ ചന്ദ്രപ്രഭ ആചാരി എന്നിവർ പറഞ്ഞു.
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, അത്താഴം തുടങ്ങി മൂന്നുനേരവും ഭക്ഷണമുണ്ട്. സാസ് പ്രസിഡന്റ് ഡോ. സുരേഷ് നായർ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ദേവസ്വത്തിന്റെ സഹായമൊരുക്കാൻ പ്രസിഡന്റ് കെ. വിനോദ്, സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം എന്നിവർ നേതൃത്വം നൽകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പാചക വിദഗ്ധരാണ് ഭക്ഷണം ഒരുക്കുന്നത്. സൗജന്യ അന്നപ്രസാദ വിതരണം 17 വരെ ഉണ്ടാകും.