മണിമലയിൽ തിരുനാൾ പ്രദക്ഷിണം ഇന്ന്
1492690
Sunday, January 5, 2025 6:33 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്ര പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം ഇന്നു നടക്കും. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്നിന്നാരംഭിക്കുന്ന പ്രദക്ഷിണം മണിമല ടൗണ്‍ ചുറ്റി പള്ളിയിലെത്തിച്ചേരും. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ ഉണ്ണീശോയുടെ അടുത്തേക്ക് നക്ഷത്രത്താല് നയിക്കപ്പെട്ട പൂജരാജാക്കന്മാർ കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ടു സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പും നടത്തും.
മുത്തുക്കുടകളേന്തി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെ തന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് മേളവും വര്‍ണാഭമാക്കും. മണിമലക്കാരുടെ ഒത്തുചേരലിന്റെ ദിനം കൂടിയാണ് ഇന്ന്.
ജോലി സംബന്ധമായി വിദേശങ്ങളിലും കേരളത്തിനു പുറത്തും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുളളവരും കേരളത്തിനകത്തുതന്നെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയവരും മണിമലയില്‍ ഇന്ന് ഒരുമിച്ചു കൂടും.
മണിമല ബൈബിൾ കൺവൻഷൻ സമാപിച്ചു : വിശുദ്ധിയോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഏതൊരാളും അനുഗൃഹീതനാകും: മാർ മുരിക്കൻ
മണിമല: വിശുദ്ധിയോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഏതൊരാളും അനുഗൃഹീതനാകുമെന്ന് മാർ ജേക്കബ് മുരിക്കൻ. 48-ാമത് മണിമല ബൈബിൾ കൺവൻഷന്റെ സമാപന ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ മുരിക്കൻ.
കുടുംബങ്ങൾ ഇടവകയിൽ ഒന്നിച്ചുകൂടി ഇടവക വികാരിക്കൊപ്പം ആത്മവിശുദ്ധിയോടെ ദിവ്യബലിയർപ്പിക്കുമ്പോൾ ഏതൊരാൾക്കും അവരവരുടെ കുടുംബങ്ങളിലേക്ക് അനുഗ്രഹങ്ങൾ കൊണ്ടുവരാനാവും. അതിനായി പല സ്ഥലങ്ങൾ മാറിമാറി അലയേണ്ടതില്ല. സ്വന്തം ഇടവക തന്നെയാണ് അവരവർക്ക് ആശ്രയമെന്നും വിശ്വാസികളെ മാർ ജേക്കബ് മുരിക്കൻ ഓർമപ്പെടുത്തി.
കൺവൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മണിമല ഹോളി മാഗി പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന കൺവൻഷൻ ഫാ. ജിസൺ പോൾ വേങ്ങാശേരിയാണ് നയിച്ചത്. വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.