സത്യഗ്രഹ സമരഭൂമിയിലേക്ക് യുസി കോളജിലെ പഠന സംഘം പദയാത്ര നടത്തി
1492683
Sunday, January 5, 2025 6:33 AM IST
വൈക്കം: മഹാത്മജിയുടെ യൂണിയൻ ക്രിസ്ത്യൻ കോളജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ മുന്നോടിയായി കോളജിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട സംഘം വൈക്കം സത്യഗ്രഹ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു. പ്രിൻസിപ്പൽ ഡോ. മിനി ആലീസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരുമടങ്ങുന്ന സംഘത്തെ ദളവാക്കുളം ബസ് സ്റ്റാൻഡിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷും വൈസ് ചെയർമാൻ പി.ടി. സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പഠന യാത്ര ചെയർപേഴ്സൺ പ്രീത രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വൈക്കം മഹാദേവക്ഷേത്രം, ഇണ്ടംതുരത്തിമന, തീണ്ടൽപലക സ്ഥാപിച്ചിരുന്നിടം, ആശ്രമംസ്കൂൾ, കുടിനീർസ്മാരകം, പഴയപോലീസ് സ്റ്റേഷൻ, ബോട്ട്ജെട്ടി, വൈക്കം സത്യഗ്രഹ സ്മാരകം, വൈക്കം ബീച്ച്, തന്തൈപ്പെരിയാർ സ്മാരകം തുടങ്ങിയവ പഠന സംഘം സന്ദർശിച്ചു.
1925 മാർച്ച് 18ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ശേഷമുള്ള യാത്രക്കിടയിൽ മഹാത്മാഗാന്ധി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് സന്ദർശിച്ചു. സന്ദർശക ഡയറിയിൽ ഡിലൈറ്റഡ് വിത്ത് ദി ഐഡിയൽ സിറ്റുവേഷനെന്ന് മഹാത്മജി കുറിച്ചു. തുടർന്ന് കോളജിന്റെ മുറ്റത്ത് അദ്ദേഹം മാവിൻതൈ നട്ടു. വളർന്നുപന്തലിച്ച ഗാന്ധിമാവ് ഇപ്പോഴും കോളജ് അധികൃതർ സംരക്ഷിച്ചു വരുന്നു.
ഗാന്ധിജിയുടെ സന്ദർശനത്തിന്റെ നൂറാം വർഷം ഗാന്ധിവർഷമെന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക് കോളജ് കടക്കുന്നതിന്റെ ആദ്യപടിയായി 13ന് യുസി കോളജിൽ നിന്ന് ആലുവ മണപ്പുറം വഴി ആലുവ നഗരസഭ ടൗൺ ഹാളിലേക്ക് പദയാത്ര നടത്തും. തുടർന്ന് പ്രഭാഷണ പരമ്പരകൾ,പൊതു സമ്മേളനം, ചലച്ചിത്രോത്സവം,വിവിധ മത്സരങ്ങൾ എന്നിവ നടത്തുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഡോ.ജെനി പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ് ബി.നായർ, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡന്റ് ആർ.സജി, അബ്ദുസമദ്, ഫോട്ടോഗ്രാഫർ ഡി.മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.