കൊതവറ - മാടപ്പള്ളി റോഡ് തകർന്നു; യാത്ര ദുരിതപൂർണം
1492488
Saturday, January 4, 2025 7:23 AM IST
തലയാഴം: കൊതവറ -മാടപ്പള്ളി റോഡ് തകർന്ന് ഗതാഗതം ദുരിത പൂർണമായി. കൊതവറ കോളജിനു മുന്നിലുള്ള ജംഗ്ഷനിൽ നിന്നു തുടങ്ങി വൈക്കം - വെച്ചൂർ റോഡുമായി ചേരുന്ന മാടപ്പള്ളി ജംഗ്ഷൻവരെയുള്ള രണ്ടര കിലോമീറ്റർ റോഡാണ് വൻ കുഴികൾ രൂപപ്പെട്ട് തകർന്ന് കാൽനട പോലും ദുഷ്കരമായത്.
വൻ കുഴികളിലകപ്പെട്ട് കാറുകളും ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. ഇരുചക്രവാഹനങ്ങൾ വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമാകുകയാണ്. വൈക്കം - മൂത്തേടത്തുകാവ് റോഡ് ബിഎം ബിസി നിലവാരത്തിൽ പുനർനിർമിച്ചതോടെ ഇതുവഴി വെച്ചൂർ, കുമരകം, തണ്ണീർമുക്കം ചേർത്തല ഭാഗങ്ങളിലേക്ക് പോകുന്നതിന് നിരവധി വാഹനങ്ങളാണ് എത്തുന്നത്.
റോഡ് തകർന്നതോടെ വാഹനങ്ങൾ കൊതവറയിലെത്തി രണ്ടു കിലോമീറ്റർ ചുറ്റി കറങ്ങി ഉല്ലലവഴിയാണ് പോകുന്നത്. ഉല്ലല ജംഗഷ്നു സമീപത്തെ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായി അപകടനിലയിലായ പാലത്തിലൂടെ വാഹനങ്ങൾ കൂടുതലായി പോകുന്നത് വൻ ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കൊതവറ -മാടപ്പള്ളി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഉടൻനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.