ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് നിയമസഭാ സമിതി
1492486
Saturday, January 4, 2025 7:23 AM IST
കോട്ടയം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതി വൈക്കത്തും ചെമ്പിലും തെളിവെടുപ്പ് നടത്തി. സമിതി ചെയർമാൻ പി. പി. ചിത്തരഞ്ജൻ എംഎൽഎ, എംഎൽഎമാരായ കാനത്തിൽ ജമീല, എം.കെ. അക്ബർ എന്നിവരാണ് സിറ്റിംഗ് നടത്തിയത്. സി.കെ. ആശ എംഎൽഎയും പങ്കെടുത്തു.
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യ ലഭ്യതക്കുറവ്, കായൽ മലിനീകരണം, പോളപായൽ മൂലമുള്ള പ്രശ്നങ്ങൾ എന്നിവയേക്കുറിച്ചെല്ലാം സമിതി അംഗങ്ങൾ മത്സ്യത്തൊഴിലാളികളിൽ നിന്നും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഉതകുന്ന രീതിയിൽ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തണ്ണീർമുഖം ബണ്ട് കൃത്യമായി തുറക്കുകയും അടയ്ക്കുകയും ചെയ്യാത്തതു സംബന്ധിച്ചായിരുന്നു പരാതികളിൽ ഏറെയും. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിൽ തള്ളുന്നതിനെതിരേയും പരാതി ഉയർന്നു.
ഹൗസ് ബോട്ടുകളിൽ ഗ്യാസ് കിറ്റുകൾ ഏർപ്പെടുത്തി ഡീസലും മണ്ണെണ്ണയും കായലിൽ കലരുന്നത് തടയണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗം കെ.എൻ. നടേശൻ ആവശ്യപ്പെട്ടു. സ്വകാര്യ ലോബികൾ വ്യാപകമായി മല്ലിക്കക്ക വാരുന്നത് തടയാനും നടപടി ഉണ്ടാവണം. നഞ്ചുകലക്കൽ അടക്കമുള്ള അശാസ്ത്രീയമായ മീൻപിടിത്തം തടയാനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക ഹാളിൽ നടന്ന തെളിവെടുപ്പിൽ സി.കെ. ആശ എംഎൽഎ, വൈക്കം നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, കോട്ടയം ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, ജ്യോതി ലാൽ എന്നിവർ പങ്കെടുത്തു.