പാലാ -വൈക്കം കെഎസ്ആർടിസി ചെയിൻ സർവീസ് പൊട്ടി
1492484
Saturday, January 4, 2025 7:14 AM IST
കുറവിലങ്ങാട്: യാത്രാത്തിരക്കേറിയ പാലാ- വൈക്കം റൂട്ടിൽ കെഎസ്ആർടിസി നടത്തിയിരുന്ന ചെയിൻ സർവീസ് പൊട്ടി. പാലായിൽനിന്ന് വൈക്കത്തേക്ക് സർവീസ് നടത്തുന്ന അഞ്ചു ബസുകളും ഓരോ ട്രിപ്പ് മുടക്കിയാണ് അധികൃതരുടെ പരിഷ്കാരം. പാലായ്ക്കു പിന്നാലെ വൈക്കത്തെ ബസുകളിൽ ഒന്നും ഒരു ട്രിപ്പ് നിറുത്തി. ഇതോടെ പാലാ- വൈക്കം റൂട്ടിൽ ആകെയുണ്ടായിരുന്ന 80 സർവീസുകൾ 68 ആയി കുറഞ്ഞു.
കെഎസ്ആർടിസി അധികൃതരുടെ പുതിയനീക്കത്തിലൂടെ ഉച്ചസമയത്ത് ബസ് കാത്തുള്ള നിൽപ്പ് മണിക്കൂറ് പിന്നിടുമെന്നതാണ് സ്ഥിതി. ഉച്ചകഴിഞ്ഞ് ഒന്നുമുതൽ രണ്ടുവരെയുള്ള സമയത്താണ് കെഎസ്ആർടിസി നിരത്തിൽനിന്ന് ഒഴിവായിട്ടുള്ളത്.
യാത്രക്കാർ കുറവായതിനാലാണ് ട്രിപ്പ് കുറച്ചതെന്ന് അധികൃതർ പറയുന്നതെങ്കിലും ഈ സമയത്തെ സ്വകാര്യബസുകളെ സഹായിക്കാനാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ആക്ഷേപങ്ങളും ഉയരുന്നുണ്ട്. പാലായിൽനിന്ന് വൈകുന്നേരം 7.30 കഴിഞ്ഞാൽ കുറവിലങ്ങാട് ഭാഗത്തേക്ക് ബസുകളില്ലെന്ന പരാതി ശക്തമായിരിക്കെയാണ് പകലുള്ള സർവീസുകളും വെട്ടിക്കുറയ്ക്കുന്നത്.