റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മനുഷ്യച്ചങ്ങല
1492482
Saturday, January 4, 2025 7:14 AM IST
കടുത്തുരുത്തി: തകര്‍ന്നു കിടക്കുന്ന കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ജനകീയ മനുഷ്യച്ചങ്ങല തീര്‍ക്കും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജനകീയവേദിയുടെ നേതൃത്വത്തിലാണ് ഇന്ന് നാലിന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്ന് കിടക്കുകയാണ്. തകര്‍ന്ന റോഡിലുണ്ടായ അപകടങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. റോഡ് നന്നാക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചു സമരത്തിനിറങ്ങിയത്. സമരത്തിന്റെ ഭാഗമായി കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
നാലിന് കുടുംബാംഗങ്ങളോടൊത്ത് റോഡിലെത്താനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 4.15 ന് ചങ്ങല തീര്‍ക്കും. അര മണിക്കൂറോളം ചങ്ങലയുണ്ടാവും. ചങ്ങല തീര്‍ക്കുമ്പോള്‍ വഴിയിലുടെ പോകുന്ന ഒരു വാഹനത്തെയോ, യാത്രക്കാരെയോ തടയില്ലെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് പങ്കുചേരും
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് മനുഷ്യച്ചങ്ങലയില്‍ കേരളാ കോണ്‍ഗ്രസ് പങ്ക് ചേരും. റോഡ് നന്നാക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ അനാസ്ഥ മൂലമാണെന്നും കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു റീ ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പൗരാവലിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന മനുഷ്യച്ചങ്ങലയിലും സമരപരിപാടികളിലും പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജോണി കണിവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റീഫന്‍ പാറാവേലി, ജോസ് വഞ്ചിപ്പുര, മേരി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ കൊച്ചേരി, ജോസ് ജയിംസ് നിലപ്പന, വാസുദേവന്‍ നമ്പൂതിരി, ബേബി മണ്ണഞ്ചേരി, ജേക്കബ് ഓമല്ലൂക്കാരന്‍, ലൈസമ്മ മുല്ലക്കര, തോമസ് വടക്കേപ്പറമ്പില്‍, സണ്ണി പുലിയിരിക്കുംതടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമരത്തിനു പിന്തുണയെന്ന് മോന്‍സ് ജോസഫ്
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് മനുഷ്യച്ചങ്ങല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു മോന്‍സ് ജോസഫ് എംഎല്‍എ. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു ഇന്ന് പൗരാവലി നടത്തുന്ന മനുഷ്യച്ചങ്ങലയ്ക്കും സമരപരിപാടിക്കും പിന്തുണ പ്രഖ്യാപിക്കുന്നതായി എംഎല്‍എ അറിയിച്ചു.
വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി വിട്ടുകൊടുത്ത കടുത്തുരുത്തി പിറവം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുവേണ്ടി വാട്ടര്‍ അഥോറിറ്റി അടച്ചിട്ടുള്ള 267 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കുന്നതിനായി കൊടുത്തിരിക്കുന്ന ഫയലില്‍ ആറുമാസം പിന്നിട്ടിട്ടും അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടിയാണ് റോഡിന്റെ ടാറിംഗ് നടത്താന്‍ കഴിയാത്തതിന് കാരണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന ഇടതുപക്ഷ പ്രചരണം സത്യവിരുദ്ധമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പക്കലിരിക്കുന്ന ഫയല്‍ എംഎല്‍എ ഇടപെട്ട് പിഡബ്ല്യുഡിയുടെ സെക്രട്ടറിക്ക് വീണ്ടും സമര്‍പ്പിക്കാന്‍ പോവുകയാണ്. നിരവധി തവണ അനാവശ്യമായി മടക്കി അയച്ചുകൊണ്ടിരുന്ന റോഡ് നിര്‍മാണ ഫയല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് വീണ്ടും കത്ത് നല്‍കിയതായി മോന്‍സ് ജോസഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ കടുത്തുരുത്തി-പിറവം റോഡുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങള്‍ക്കും എംഎല്‍എ എന്ന നിലയിലുള്ള പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മോന്‍സ് ജോസഫ് അറിയിച്ചു.