വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനം; സ്വന്തം ഫോട്ടോയുള്ള കലണ്ടർ
1492479
Saturday, January 4, 2025 7:14 AM IST
കുമരകം: സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്വന്തം ഫോട്ടോയുള്ള കലണ്ടർ പുതുവത്സര സമ്മാനമായി നൽകി വിസ്മയിപ്പിച്ചിരിക്കുകയാണ് കുമരകം സെന്റ് ജോൺസ് യുപി സ്കൂൾ. ഈ കുട്ടികളുടെ വീട്ടിലെ സ്വീകരണ മുറിയിൽ ഇനി സ്വന്തം ചിത്രമുള്ള കലണ്ടറുകൾ തൂങ്ങും.
കുട്ടികളുടെ വ്യക്തിഗത ഫോട്ടോയും ഗ്രൂപ്പ് ഫോട്ടോയും ചേർത്തു ലഭിച്ച കലണ്ടർ കുട്ടികൾക്ക് കൗതുകമായി. കുട്ടികളുടെ ജന്മദിനം കലണ്ടറിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനദിവസങ്ങൾ ചേർത്തു നൽകിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ആ ദിവസവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ കണ്ടുംകേട്ടും മനസിലാക്കാനും സാധിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ ഐ.എം. അനീഷാണ് കലണ്ടർ കുട്ടികൾക്ക് നൽകിയത്. ഗ്രൂപ്പ് അനിമേറ്റേഴ്സായ ത്രേസ്യാമ്മ, ജയ്സി, അജയ്, അഞ്ജലി, മിഷേൽ, റീനു, സ്റ്റെഫി, അലീറ്റ, രേഷ്മ, അക്സ, ജിജി എന്നിവരാണ് കലണ്ടറിനു പിന്നിൽ പ്രവർത്തിച്ചത്.