സ്കൂളിന് ആധുനിക മുഖം നൽകി അലോഷ്യൻ ഡിജിറ്റേറിയം
1492477
Saturday, January 4, 2025 7:14 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് ആധുനിക മുഖം നൽകുന്ന അലോഷ്യൻ ഡിജിറ്റേറിയം വിദ്യാർഥികൾക്കായി തുറന്നു. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എസി കോൺഫറൻസ് ഹാളും ഡിജിറ്റൽ സ്പേസും ലൈബ്രറിയുമടങ്ങുന്ന ഡിജിറ്റേറിയം നിർമിച്ചത്. പൂർവ വിദ്യാർഥിയും വ്യവസായിയുമായ ഡോ. സോണി സെബാസ്റ്റ്യൻ വട്ടമലയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ വട്ടമല അപ്പച്ചന്റെയും കുഞ്ഞമ്മ സെബാസ്റ്റ്യന്റെയും സ്മരണയ്ക്കായി ഡിജിറ്റേറിയം സമർപ്പിച്ചത്.
കെ. ഫ്രാൻസിസ് ജോർജ് എംപി അലോഷ്യൻ ഡിജിറ്റേറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനു ജോൺ, ഡോ. സോണി സെബാസ്റ്റ്യൻ വട്ടമല, അധ്യാപകൻ സഞ്ജിത് പി. ജോസ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിലേക്ക് നാലു സ്മാർട്ട് ഇന്ററാക്ടീവ് ബോർഡുകൾ എംപി ഫണ്ടിൽ നിന്ന് അനുവദിക്കുന്നതായി ഫ്രാൻസിസ് ജോർജ് എംപി ചടങ്ങിൽ അറിയിച്ചു.
സമ്മേളനത്തെത്തുടർന്ന് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സിമ്പോസിയം ഡിജിറ്റേറിയത്തിൽ നടത്തി. മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്, വിവരാവകാശ കമ്മീഷൻ മുൻ ചെയർമാൻ ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോട്ടയം നഗരസഭാ കൗൺസിലറും മുൻ അധ്യാപകനുമായ സാബു മാത്യു മോഡറേറ്ററായി.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെംബറും മുൻ അധ്യാപകനുമായ ജയിംസ് കുര്യൻ, പി.വി. മൈക്കിൾ, കെ.പി. ദേവസ്യ, വി.എം. തോമസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സി.സി. റോജി, അധ്യാപകരായ പ്രീതി ജോൺ, ജിഷാമോൾ അലക്സ്, റെനു ജോസഫ്, ബിജി സെബാസ്റ്റ്യൻ, ജോർജ് കുര്യൻ, ഷൈനി ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.