നവജീവൻ സാന്ത്വന പരിപാലന വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്തു
1492286
Friday, January 3, 2025 11:58 PM IST
ഗാന്ധിനഗർ: പുതുവർഷത്തിൽ സദ് വാർത്തയുണ്ടാകണമെന്നും മനുഷ്യന്റെ കണക്കുകൂട്ടലിന് അപ്പുറത്ത് സംഭവിക്കുന്ന അത്ഭുതമാണ് നിരാലംബരെ സഹായിക്കാൻ മനസ് ഉണ്ടാകുക എന്നതെന്നും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാന്ത്വന പരിപാലന വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടി സമർപ്പിക്കപ്പെടുന്നതിനാകണം. മനുഷ്യനെ പരിചരിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെടുന്നവർ ഉണ്ടാകും. അതിലൊരാളാണ് നവജീവൻ പി.യു. തോമസെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
നവജീവൻ ട്രസ്റ്റി പി.യു. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തെള്ളകം തിയോളജിക്കൽ റെക്ടർ ഫാ. സരീഷ് തൊങ്ങാംകുഴിയിൽ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, കാനം ലാറ്റക്സ് ഡയറക്ടർ ഏബ്രഹാം സി. ജേക്കബ്, ഡോ. പ്രവീൺ ലാൽ, ഫാ. ജിഫിൻ പാലിയത്ത് എന്നിവർ പ്രസംഗിച്ചു. കാനം ലാറ്റക്സ് എംഡി എം. ജേക്കമ്പ് ഉപ്പൂട്ടിൽ, ആർക്കിടെക്റ്റ് എം.ആർ. ജോർജ് എന്നിവരെ യോഗത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.