കൊല്ലം—തേനി ദേശീയപാത 183: ചെങ്ങന്നൂര്‍-കോട്ടയം നാലുവരിപ്പാതയാകും
1492284
Friday, January 3, 2025 11:58 PM IST
ചങ്ങനാശേരി: കൊല്ലം തേനി ദേശീയപാത 183 ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം വരെയുള്ള എംസി റോഡിന്റെ ഭാഗവും 24 മീറ്ററില്‍ നാലുവരിപ്പാതയാകുന്നു.
നേരത്തെ കൊല്ലം കടവൂര്‍ മുതല്‍ ചെങ്ങന്നൂരിലെ ആഞ്ഞിലിമൂട് വരെയുള്ള ദൂരം 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി നിലവിലുള്ള പാത വികസിപ്പിക്കാന്‍ കൊല്ലം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് നിലവില്‍ എംസി റോഡിന്റെ ഭാഗമായ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം ഐഡാ ജംഗ്ഷന് വരെയുള്ള റോഡിന്റെ ഭാഗവും നാലുവരിയായി വികസിപ്പിക്കാനുള്ള പദ്ധതിയുമായി ദേശീയപാത വിഭാഗം മുമ്പോട്ടു പോകുന്നത്.
24 മീറ്റര്‍ റോഡ് വികസനത്തിന്റെ ഡിപിആര്‍ തയാറാക്കാനുള്ള ഏജന്‍സിയെ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍തന്നെ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമിക്ക്
ഉയര്‍ന്ന നഷ്ടപരിഹാരം
24 മീറ്റര്‍ വീതിയുള്ള റോഡില്‍ നാലുവരിപ്പാത, ഡിവൈഡര്‍, ഫുട്പാത്ത്, യൂട്ടിലിറ്റി ഡക്ട് എന്നിവയും ഉണ്ടായിരിക്കും. സര്‍വേ ഘട്ടത്തില്‍ ഉയര്‍ന്ന വാഹന ഗതാഗതം രേഖപ്പെടുത്തുകയാണെങ്കില്‍ ഒരുപക്ഷേ നിലവില്‍ 16 മീറ്റര്‍ വീതിയുള്ള റോഡില്‍ 30 മീറ്റര്‍ വീതിയിലും വികസനം സാധ്യമായേക്കാം.
റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമം അനുസരിച്ച് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം തന്നെ ലഭ്യമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.
നാലുവരിപ്പാത ചങ്ങനാശേരി
ബൈപാസിലൂടെ നിര്‍ദേശിക്കും
എന്‍എച്ച്-183 നാലുവരി പാത ചങ്ങനാശേരിയിലെത്തുമ്പോള് ളായിക്കാട്- പാലാത്രച്ചിറ ബൈപസിലൂടെ കടന്നുപോകണമെന്ന് നിര്‍ദേശിക്കും. ഈ ബൈപാസിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിനുപകരിക്കും.
നിലവിലുള്ള റോഡിലൂടെ വികസനം നടപ്പിലാക്കിയാല്‍ നഗരമധ്യത്തിലെ ഒട്ടേറെ സ്ഥലങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നഷ്ടമുണ്ടാകും.
റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ ഫ്ലൈഓവര്‍ നിര്‍മിച്ചാലും റോഡ്വികസനം വരുമ്പോള്‍ ഫ്ലൈഓവറിന് വീതി വര്‍ധിപ്പിക്കാനാകും. നാലുവരിപ്പാത വരുമ്പോള്‍ എസ്എച്ച് ജംഗ്ഷനില്ക്കൂടി ഫ്ലൈഓവര്‍ സാധ്യമാക്കുന്നതിനു നിര്‍ദേശം വയ്ക്കും.
കൊടിക്കുന്നില്‍
സുരേഷ് എംപി
റോഡിലെ അറ്റകുറ്റപ്പണികള്‍
വൈകുന്നു
ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം ഐഡ ജംഗ്ഷന്‍വരെയുള്ള എംസി റോഡിന്റെ നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപയുടെ പദ്ധതി അനുവദിക്കുകയും കരാറുകാരന് കരാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
റോഡിലെ കുഴികള്‍ നികത്തി ഒരു ലെയര്‍ ഉയര്‍ന്നനിലവാരത്തിലുള്ള ടാറിംഗ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പണം അനുവദിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം നടത്തിയിട്ടില്ല. മഴമൂലം നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്നില്ലെന്നാണ് എന്‍എച്ച്-183 അധികൃതരുടെ വാദം. റോഡിലെ ഡിവൈഡർ ലൈനുകളും സീബ്രാ ക്രോസിംഗുകളും മാഞ്ഞത് ചങ്ങനാശേരിയിലുള്പ്പെടെ യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്.
ജോബ് മൈക്കിള്‍
എംഎല്‍എ