പ്രദക്ഷിണം ഭക്തിസാന്ദ്രം; മാന്നാനത്ത് തിരുനാൾ കൊടിയിറങ്ങി
1492282
Friday, January 3, 2025 11:58 PM IST
മാന്നാനം: ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തോടെ ഒമ്പതു ദിവസം നീണ്ട ചാവറയച്ചന്റെ തിരുനാളിന് കൊടിയിറങ്ങി. ഇന്നലെ രാവിലെ മുതൽ തുടർച്ചയായി മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പ്രാർഥിച്ച് അനുഗ്രഹങ്ങൾ തേടി അവർ മടങ്ങി. രാവിലെ സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലും തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടവും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് സിഎംഐ സഭയിലെ നവവൈദികൾ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രശസ്തമായ പിടിയരി ഊട്ടുനേർച്ചയിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ഭക്തജനങ്ങൾ വിശ്വാസപൂർവം പങ്കുകൊണ്ടു.
വൈകുന്നേരം പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഉരുകിത്തീർന്ന ജീവിതമായിരുന്നു വിശുദ്ധ ചാവറയച്ചന്റേതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധന്റെ മാധ്യസ്ഥ്യം തേടുന്നതോടൊപ്പം അദ്ദേഹം കാണിച്ചുതന്ന അനുസരണമെന്ന മാതൃക ജീവിതത്തിൽ പ്രാവർത്തികമാക്കാനും കഴിയണമെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം 6.30ന് പള്ളിയിൽനിന്ന് ആരംഭിച്ചു. കത്തിച്ച തിരികളുമായി വിശ്വാസികൾ പ്രാർഥനാപൂർവം പ്രദക്ഷിണത്തെ അനുധാവനം ചെയ്തു. വൈദ്യുത ദീപങ്ങളാൽ അലംകൃതമായ വീഥിയിലൂടെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളി ജംഗ്ഷൻ വഴി ഫാത്തിമ മാതാ കപ്പേളയിൽ എത്തിയപ്പോൾ കുറവിലങ്ങാട് സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശം നൽകി. അവിടെനിന്നു പള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചു. തിരുശേഷിപ്പ് വണക്കത്തിനുശേഷം കൊടിയിറക്കൽ നടന്നു.