ശബരിമല മകരവിളക്ക് ക്രമീകരണം; സുഖദര്‍ശനം സാധ്യമാക്കും
1492281
Friday, January 3, 2025 11:28 PM IST
ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ അവസാനമെത്തുന്ന ഭക്തനും ദര്‍ശനം സാധ്യമാക്കി സുരക്ഷിതമായി മടക്കിയയ്ക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍ അറിയിച്ചു.
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദേവസ്വം മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വിളിച്ചുചേര്‍ത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഇതേവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
വലിയ ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം 90,000നു മുകളില്‍ ഭക്തജനങ്ങള്‍ നിലവില്‍ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര 12നാണ് പന്തളത്തുനിന്ന് ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകള്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഭക്തര്‍ കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പോലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും.
വലിയാനവട്ടത്ത് തിരക്കുണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്നതിന് വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.