ആശാ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സംഗമവും അനുമോദനവും
1492244
Friday, January 3, 2025 10:25 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി ഇടുക്കി ജില്ലയിലെ ആശാ വർക്കർമാരുടെയും അങ്കണവാടി ടീച്ചേഴ്സിന്റെയും സംഗമവും അനുമോദനവും സംഘടിപ്പിക്കുമെന്ന് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്‍പതിന് രാവിലെ 10ന് സെന്റ് ആന്റണീസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. കട്ടപ്പന മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ ബീന ടോമി ആശാവർക്കർമാരെ അനുമോദിക്കും.
എന്‍എച്ച്എം ഇടുക്കി ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഇ.കെ. ഖയാസ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി എന്‍എച്ച്എം കണ്‍സല്‍ട്ടന്റ് ജിജില്‍ മാത്യു, ആശാവർക്കർ കോ ഓര്‍ഡിനേറ്റര്‍ അനില്‍ ജോസഫ്, മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഒപറേറ്റീവ് ബാങ്ക് ചെയര്മാന് കെ.എഫ്. കുര്യന് കളപ്പുരയ്ക്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
കോളജിലെ എംഎസ്ഡബ്ല്യു, ബിഎസ്സി സൈക്കോളജി ഡിപ്പാർട്ട്മെന്റുകളും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥികളും ചേർന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിരവധി സാമൂഹിക നന്മ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. കരുത്തുറ്റ കരങ്ങളിലെ കാരുണ്യ സ്പര്‍ശമെന്ന ടാഗ് ലൈനില്‍ സെന്റ് ആന്റണീസ് കോളജിന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സാമൂഹിക പ്രതിബദ്ധത സ്കീമിന്റെ ഭാഗമായാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
തുടർച്ചയായി എല്ലാ മാസവും ഒരു ദിവസം ജോബ് എൻട്രിച്ച്മെന്റ് പ്രോഗ്രാമും അവബോധന ക്ലാസുകളും ഈ പദ്ധതി വഴി വിഭാവനം ചെയ്യുന്നുണ്ടെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലിലും പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും അറിയിച്ചു. പത്രസമ്മേളനത്തിൽ ഫാ. ജോസഫ് വാഴപ്പനാടി, കണ്‍വീനര്‍ അക്ഷയ് മോഹന്‍ദാസ്, കോളജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ബോബി കെ. മാത്യു, സുപര്‍ണ രാജു, പി.ആർ. രതീഷ്, ജിനു തോമസ്, ജോസ് ആന്റണി, കോളജ് സൂപ്രണ്ട് ജസ്റ്റിന് ജോസ്, ബിബിന്‍ പയസ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്പിആര്ഒ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.